22 December Sunday

സിഎച്ച്ആര്‍ വനമാക്കാന്‍ ശ്രമിച്ചത് 
എംപിയും കോണ്‍ഗ്രസും: എല്‍ഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024
ചെറുതോണി
ഏലമല പ്രദേശം വനമാണെന്ന് എക്കാലവും നിലപാടുള്ള കോണ്‍ഗ്രസിന്റെ ജനപ്രതിനിധിയും അദ്ദേഹത്തിന്റെ കെണിയില്‍ വീഴുന്ന മതസ്ഥാപന പ്രതിനിധികളും ആശങ്ക പരത്തുകയാണെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 
കഴിഞ്ഞദിവസം ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് വിളിച്ചു ചേര്‍ത്ത സിഎച്ച്ആര്‍ വിഷയത്തിന്‍മേലുള്ള പ്രഹസനം സ്വന്തംകഴിവുകേട് മറയ്ക്കാനും ഏലം കര്‍ഷക സംഘടനകളെ ഒപ്പം നിര്‍ത്താനും വേണ്ടിയുള്ളതാണ്. എംപിയുടെ ആശ്രിതരായി രാഷ്ട്രീയം കളിക്കുന്നത് ശരിയാണോ എന്ന് പ്രതിനിധികളെ അയയ്ക്കുന്ന മതസ്ഥാപനങ്ങള്‍ പരിശോധിക്കണം. ഏലമല പ്രദേശം സമ്പൂര്‍ണമായും റവന്യു ഭൂമിയാണെന്ന ശക്തമായ നിലപാടാണ് എല്‍ഡിഎഫിനുള്ളത്. ഏലമല പ്രദേശം വനങ്ങളുടെ തുടര്‍ച്ച യല്ലെന്നും വേറിട്ടുനില്‍ക്കുന്ന റവന്യുഭൂമിയാണെന്നുമാണ് എല്‍ഡിഎഫ് സര്‍ക്കാരുകളും നിലപാട് എടുത്തത്. എന്നാൽ, സിഎച്ച്ആര്‍ പ്രശ്നം സുപ്രീംകോടതിക്കു മുമ്പാകെ സജീവമായിനിന്ന നാല് വര്‍ഷവും എംപി  നിശബ്ദനായിരുന്നു.  സിഎച്ച്ആര്‍ വിഷയത്തിന്റെ വസ്തുതകള്‍ പഠിക്കാന്‍പോലും എംപി തയ്യാറായില്ല. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ചില അരാഷ്ട്രീയ സംഘടനകളെയും കോണ്‍ഗ്രസിനോട് അടുപ്പമുള്ള ചില മതപ്രതിനിധികളെയും ചട്ടംകെട്ടി നടത്തുന്ന കപടനാടകം ജനങ്ങള്‍ക്ക് മുന്നിൽ വിലപ്പോകില്ല.
2002ല്‍ യുഡിഎഫ് ഭരണകാലത്ത് ഏലമല പ്രദേശത്തിൽ കൃത്യമായ നിലപാട് അറിയിക്കാന്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി അഞ്ച് തവണ കത്ത് അയച്ചിട്ടും മറുപടി നല്‍കിയില്ല. കോണ്‍ഗ്രസിന്റെ ബിനാമിയായ കപടപരിസ്ഥിതി സംഘടന സുപ്രീംകോടതിയില്‍ നല്‍കിയ കേസിൽ നിലപാടറിയിക്കാന്‍ 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭ ഉപസമിതിയെ നിശ്ചയിച്ചിരുന്നു. ആര്യാടന്‍ മുഹമ്മദും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെട്ട മന്ത്രിസഭ ഉപസമിതി 344 ചതുരശ്ര മൈല്‍ ഏലമലക്കാട് വനമാണെന്ന് റിപ്പോര്‍ട്ട് ഉണ്ടാക്കി. ഇതിനെതിരെ എല്‍ഡിഎഫ് നിയമസഭയില്‍ ശക്തമായ പ്രക്ഷോഭമുയർത്തിയതോടെ  കാബിനറ്റിൽ തീരുമാനമായില്ല.
 വി എസ് സര്‍ക്കാരിന്റെ കാലത്ത്, 1897 ലെ പ്രഖ്യാപന പ്രകാരം 15720 ഹെക്ടര്‍ സ്ഥലവും 1822 ലെ മഹാരാജാവിന്റെ  വിളംബര പ്രകാരവുമുള്ള പ്രദേശം റവന്യു ഭൂമിയാണോ എന്ന് പരിശോധിക്കാന്‍ മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തി. ഉപസമിതിയിൽ കെ പി രാജേന്ദ്രന്‍, ബിനോയി വിശ്വം, പി കെ ഗുരുദാസന്‍, എം  വിജയകുമാര്‍ എന്നിവരാണുണ്ടായിരുന്നത്. 2007 ഏപ്രിൽ 18ന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരവും ഏലമല പ്രദേശം റവന്യു ഭൂമിയാണെന്ന് കണ്ടെത്തി. പതിറ്റാണ്ടുകളായുള്ള സിഎച്ച്ആറുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിച്ചു. ഇതിനുശേഷമാണ് വി എസ് സര്‍ക്കാര്‍ സിഎച്ച്ആര്‍ റവന്യു ഭൂമിയാണെന്ന് നിലപാട് എടുത്തത്. 2007 നവംബര്‍ 10 അന്നത്തെ ചീഫ് സെക്രട്ടറി പി ജെ  തോമസ് സിഎച്ച്ആര്‍ റവന്യു ഭൂമിയാണെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലവും നല്‍കി. അതേസമയം 2006 ല്‍ യുഡിഎഫ് സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന എ സുജനപാല്‍, എംഎല്‍എ ആയിരുന്ന ജോണി നെല്ലൂരിന് നിയമസഭയില്‍ നല്‍കിയ മറുപടിയിൽ സിഎച്ച്ആര്‍ വനമാണെന്ന് വ്യക്തമാക്കിയതെന്നും എൽഡിഎഫ് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. 
ഇടുക്കിയില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിൽ കണ്‍വീനര്‍ കെ സലിംകുമാര്‍ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ സി വി വര്‍ഗീസ്, ജോസ് പാലത്തിനാല്‍, അനില്‍ കൂവപ്ലാക്കല്‍, സി എം അസീസ്, രതീഷ് അത്തിക്കുഴി, കെ എന്‍ റോയി, കോയ അമ്പാട്ട്, ജോണി ചെരിവുപറമ്പില്‍, സിബി മൂലേപ്പറമ്പില്‍, കെ എം ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top