പത്തനംതിട്ട
വയനാട്ടിൽ ഉണ്ടായ അതീവ ദാരുണമായ ദുരന്തത്തിൽ ദുരിതബാധിതരെ സഹായിക്കുന്നതിൽ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന കൊടിയ അവഗണനയ്ക്കെതിരെ ബഹുജന മനസാക്ഷിയെ ഉണർത്താന്‍ എൽഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി സമരപരിപാടികൾ സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് വ്യാഴാഴ്ച മാർച്ചും ധർണയും നടക്കും. ബഹുജന മാർച്ച് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് അബാൻ ജങ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് 10.30ന് ഹെഡ് പോസ്റ്റോഫീസ് പടിക്കൽ എത്തും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന, ജില്ലാ നേതാക്കളായ കെ പി ഉദയഭാനു, സി കെ ശശിധരൻ, അലക്സ് കണ്ണമല, സജി അലക്സ്, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ടി എൻ ശിവശങ്കരൻ, മുണ്ടയ്ക്കൽ ശ്രീകുമാർ, രാജു നെടുവമ്പ്രം, മനോജ് മാധവശ്ശേരി, മനു വാസുദേവൻ, നിസാർ നൂർ മഹൽ, ബാബു പറയത്തുകാട്ടിൽ തുടങ്ങിയവർ സംസാരിക്കും. മണ്ണിടിച്ചില്‍ ദുരന്തം നടന്നിട്ട് നാല് മാസം കഴിഞ്ഞിട്ടും ഒരു വിധ സഹായവും സംസ്ഥാനത്തിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ല. അതിന് ശേഷം വെള്ളപ്പൊക്കം മൂലം ദുരിതം നേരിട്ട മറ്റ് വിവിധ സംസ്ഥാനങ്ങള്‍ക്ക് അവര്‍ ചോദിച്ചതിനപ്പുറവും കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുകയും ചെയ്തു.
രാഷ്ട്രീയ കാരണത്താലാണ് സംസ്ഥാനത്തെ അവഗണിക്കുന്നതെന്ന് വ്യക്തം. സംസ്ഥാനത്തിന് അര്‍ഹമായ നികുതി വരുമാനം പോലും നിഷേധിച്ച് കേരളത്തെ പ്രതിസന്ധിയിലാക്കുന്ന നടപടി തുടങ്ങിയിട്ട് നിരവധി മാസങ്ങളായി. അതിനോടൊപ്പമാണ് ദുരിതാശ്വാസ സഹായം പോലും നിഷേധിക്കുന്നത്. ഇതിനെതിരെ ബഹുജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിനാണ് എല്‍ഡിഎഫ് മുന്നിട്ടിറങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്ച എല്ലാ ജില്ലയിലും കേന്ദ്ര സ്ഥാപനങ്ങള്‍ ഉപരോധിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..