22 December Sunday

വൈകാതെ ഓടും ഗ്രാമവണ്ടികള്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024
പത്തനംതിട്ട
മുമ്പൊരു കാലത്തും ഉണ്ടാകാത്ത വിധത്തിൽ ഗ്രാമീണ റോഡുകളുടെ നവീകരണം പൂർത്തിയായതോടെ  ഉള്‍​ഗ്രാമങ്ങളിലേക്ക്  പൊതുഗതാഗത സംവിധാനത്തിന് ആവശ്യകതയേറുന്നു. മോട്ടോർ വാഹന വകുപ്പ് മുൻകൈയെടുത്ത് എല്ലാ താലൂക്കിലും നടത്തുന്ന ജനസദസ്സുകളിൽ ഗ്രാമീണ മേഖലയിലേക്കുള്ള പൊതു ഗതാഗതത്തിന് ആവശ്യകതയും നിർദ്ദേശങ്ങളും ഏറി. പൊതു​ഗതാ​ഗതം കഴിവതും എല്ലാ മേഖലയിലും എത്തിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ പൊതു നയത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ജനകീയ സദസ്സ് ചേരുന്നത്.
    കോവിഡ് പല മേഖലയിലും പൊതു​ഗത​ഗാതം  കുറയാനിടയാക്കിയിരുന്നു. ഗ്രാമീണ മേഖലകളില്‍ അതിനനുയോജ്യമായ ചെറു ബസുകള്‍ക്ക് മുന്‍​ഗണന നല്‍കുന്ന നീക്കമാണ് മോട്ടോര്‍ വകുപ്പ് പരി​ഗണിക്കുന്നത്. ചില റൂട്ടുകള്‍ കെഎസ്ആര്‍ടിസിക്ക് മാത്രമായി മാറ്റിയിട്ടുണ്ട്. അല്ലാത്തവയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് സര്‍വീസ് നടത്തുന്നതിന് ആലോചന. മോട്ടോര്‍ വകുപ്പ് ജനസദസ്സുകളില്‍ ഉയരുന്ന നിര്‍ദേശമനുസരിച്ചാകും  ​ഉന്നതതലത്തിലേക്ക് റിപ്പോര്‍ട്ട് കൈമാറുക.
    തിരുവല്ല, മല്ലപ്പള്ളി,  റാന്നി താലൂക്കുകളില്‍ ഇതിനകം ജനസദസ്സുകള്‍ ചേര്‍ന്നു. എല്ലാ തലത്തിലെയും ജനപ്രതിനിധികളും പങ്കെടുത്ത യോ​ഗങ്ങളില്‍ വിശദമായ ചര്‍ച്ചകളും നിര്‍ദേശങ്ങളും ഉയര്‍ന്നു വന്നു. മല്ലപ്പള്ളി താലൂക്കില്‍ നിന്ന് 68 പുതിയ ബസ് റൂട്ടുകളുടെ നിര്‍ദേശമാണ് വന്നത്. ഇവയെല്ലാം ക്രോഡീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഈ മാസം തന്നെ റിപ്പോര്‍ട്ട് ഉന്നതതലത്തിലേക്കും കൈമാറും.  കോന്നിയില്‍ വ്യാഴാഴ്ചയും അടൂരില്‍ 21നും സദസ്സ്‌ ചേരും. കോഴഞ്ചേരി താലൂക്കിലെ യോ​ഗം മന്ത്രിയുടെ സൗകര്യം പരി​ഗണിച്ച്  പിന്നീട് തീരുമാനിക്കും.
   പരീക്ഷണാടിസ്ഥാനത്തില്‍ ചെറുബസുകളുടെ സര്‍വീസ് ഓണത്തിന് മുമ്പ് തുടങ്ങുന്നതിനാണ് ആലോചന. ജനങ്ങള്‍ ഏറ്റവും പ്രയാസം നേരിടുന്ന, പൊതു​ഗതാ​ഗതം തീരെയില്ലാത്ത പ്രദേശങ്ങള്‍ക്കാകും ആ​ദ്യ പരി​ഗണന.  പുതിയ റൂട്ടുകള്‍ ആരംഭിക്കുമ്പോള്‍ തിരക്ക് പരി​ഗണിച്ച് ഒരേ ബസ് തന്നെ രാവിലെ ഒരു റൂട്ടിലും ഉച്ചയോടെ മറ്റ് റൂട്ടുകളിലേക്കും മാറ്റുന്നതും പരി​ഗണിക്കും. സാധാരണ ഓര്‍ഡിനറി സര്‍വീസുകള്‍ ഇത്തരത്തില്‍ നിലവില്‍   ഓടുന്നുണ്ട്. നിലവില്‍ കെഎസ്‌ആര്‍ടിസിയുടെ ​ഗ്രാമീണ ബസ് പദ്ധതി ജില്ലയില്‍ റാന്നി പെരുന്നാട് പഞ്ചായത്തില്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. പഞ്ചായത്ത് നിശ്ചയിക്കുന്ന റൂട്ടിലും സമയത്തുമാണ്  സര്‍വീസ്. പെരുനാട് പഞ്ചായത്തില്‍  സര്‍വീസ് മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top