22 November Friday
ശബരിമല തീർഥാടനം

മികച്ച ആരോഗ്യ സംവിധാനം ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

 
പമ്പ
ശബരിമല തീർഥാടനത്തിന് എത്തുന്നവർക്ക്  മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യ  മന്ത്രി വീണാ ജോർജ്.  തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആശുപത്രികളിൽ പ്രത്യേകം സംവിധാനമൊരുക്കി. ജില്ലയിൽ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കൽ കോളജിനെ തെരഞ്ഞെടുത്തു.  ഐസിയു, വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ 30 ബെഡുകളും  അത്യാഹിത വിഭാ​ഗത്തില്‍  പ്രത്യേകം ബെഡുകളും  സജ്ജീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും  തീർഥാടകർക്കായി ബെഡുകൾ ക്രമീകരിച്ചു. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലും ബെഡ്ഡുകൾ ക്രമീകരിക്കുകയും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. 
പമ്പയിലെ കൺട്രോൾ   കേന്ദ്രം  24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ പ്രവർത്തകരുടെയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെയും സേവനം  ഉറപ്പാക്കും. കലക്ടറേറ്റ്, സർക്കാർ ആശുപത്രികൾ എന്നിവയുമായി  ചേര്‍ത്ത്   ഫോൺ  ലഭ്യമാക്കും.  വടശ്ശേരിക്കരയിൽ തീർഥാടകർ വരുന്ന വഴിയിൽ ഡോക്ടർമാരുടെ സേവനം പ്രത്യേകം ലഭ്യമാക്കും. 
 ഭക്ഷണപദാർഥങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ആരോ​ഗ്യ കാർഡുണ്ടാവണം. വ്യാജമായി നിർമിച്ച കാർഡുകൾ കണ്ടെത്തിയാല്‍  നിർമിച്ചവർക്കും ഉപയോഗിച്ചവർക്കും എതിരെ കർശന നടപടി  സ്വീകരിക്കും.  പത്തിനകം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കണമെന്നും  മന്ത്രി നിർദ്ദേശിച്ചു.
അഡ്വ. പ്രമോദ് നാരായൺ എംഎല്‍എ അധ്യക്ഷനായി. കലക്ടർ എസ്   പ്രേം കൃഷ്ണൻ, ശബരിമല എഡിഎം അരുൺ എസ് നായർ , ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന ,   ആരോ​​ഗ്യ   വിദ്യഭ്യാസ   ഡയറക്ടർ ഡോ. തോമസ് മാത്യു, ഹോമിയോപ്പതി ഡയറക്ടർ ഡോ. എം പി ബീന , ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ  എസ്  പ്രിയ, ദേവസ്വം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയർ എസ് ശ്രീനിവാസ്,    ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )ഡോ. എൽ  അനിതകുമാരി തുടങ്ങിയവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top