22 November Friday
കിട്ടിയത്‌ കിളിർക്കാത്ത നെൽവിത്തുകൾ

വിതയ്‌ക്കാനാവാതെ കർഷകർ

ടി എ റെജികുമാർUpdated: Tuesday Nov 5, 2024

അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങൾ വിതയ്ക്കായി ഒരുക്കിയിട്ടിരിക്കുന്നു

 
തിരുവല്ല
പെരിങ്ങര പഞ്ചായത്തിലെ അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ വിതയ്ക്കാൻ നാഷണൽ സീഡ് കോർപ്പറേഷൻ നൽകിയ നെൽവിത്തുകൾ കിളിർക്കാത്തവയെന്ന് കർഷകർ. സബ്സിഡി നിരക്കിൽ എൻ എസ് സി വിതരണം ചെയ്ത നെൽവിത്താണ് 50 ശതമാനം കിളിർപ്പില്ലാതെ കർഷകർക്ക് വിനയായത്. 
550 ഏക്കർ വരുന്ന വേങ്ങൽ, പാണാകേരി, പടവിനകം എ, പടവിനകം ബി, അഞ്ചടി വേളൂർ മുണ്ടകം, ആലംതുരുത്തി കിഴക്ക്, ആലംതുരുത്തി പടിഞ്ഞാറ്, പെരുന്തുരുത്തി പടിഞ്ഞാറ് എന്നീ ഏഴ് പാടശേഖരങ്ങളിലെ കർഷകരാണ് ദുരിതത്തിലായത്. തിങ്കളാഴ്ച വിതയ്‌ക്കാനായി പാടശേഖരങ്ങളെല്ലാം കർഷകർ ഒരുക്കിയിട്ടിരുന്നു. പെരിങ്ങര സർവീസ് സഹകരണ ബാങ്ക് മുഖേനയാണ് എൻ എസ് സിക്ക് കർഷകർ പണം നൽകിയത്.
ഒരു കിലോ വിത്തിന് പഞ്ചായത്ത് നൽകുന്ന 22 രൂപ സബ്സിഡി അടക്കം 47 രൂപ വീതം  കർഷകരിൽ നിന്നും സ്വീകരിച്ച് 25 ദിവസം മുമ്പ്‌ എൻ എസ് സിയിൽ അടച്ചിരുന്നു. 10 ദിവസം മുമ്പെത്തിയ വിത്തിലെ ചാക്കുകളിൽ നിന്നും നെൽവിത്തെടുത്ത് കർഷകർ നടത്തിയ പരിശോധനയിലാണ് 50 ശതമാനത്തോളം വിത്തുകൾ കിളിർക്കാത്തതാണെന്ന് കണ്ടെത്തിയത്. പന്ത്രണ്ട് അമ്പത്തഞ്ച് വിഭാഗത്തിലെ ജ്യോതി ഇനത്തിൽ പെട്ട വിത്താണ് എത്തിയത്.
കിളിർപ്പില്ലാത്ത വിത്തായതോടെ കർഷകർ ആശങ്കയിലാണ്. സമയബന്ധിതമായി വിത നടന്നില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം കാരണം മഴ നേരത്തെ എത്തിയാൽ വിളവെടുപ്പ് സമയത്ത്‌ കൃഷി നാശത്തിന് സാധ്യതയുണ്ടെന്ന് കർഷകർ ആശങ്കപ്പെടുന്നു.
അതേ സമയം ഇതിലെ പടവിനകം ബി പാടം സ്വകാര്യ ഏജൻസികളിൽ നിന്നും ജ്യോതി ഇനത്തിൽപ്പെട്ട വിത്തു തന്നെ വാങ്ങി വിതച്ചപ്പോൾ നൂറ് ശതമാനം വിത്തും കിളിർത്തതായി കർഷകർ വ്യക്തമാക്കുന്നു. 
27 പാടശേഖരങ്ങളാണ് പെരിങ്ങര പഞ്ചായത്തിലുള്ളത്. ഇതിൽ ഏഴ്‌ പാടങ്ങൾക്കുള്ള 15 ടൺ നെൽവിത്താണ് നാഷണൽ സീഡ് കോർപ്പറേഷൻ എത്തിച്ചത്. ഇനി 20 പാടശേഖരങ്ങൾക്കുള്ള 25 ടണ്ണിലധികം വിത്തുകൾ എത്താനിരിക്കെയാണ് വന്നവയിലെ കിളിർപ്പില്ലായ്മ ആശങ്ക പരത്തി കർഷകർക്ക് വിനയായത്.
സംഭവത്തിൽ  അധികൃതർ അടിയന്തിരമായി ഇടപെട്ട് കർഷകർക്ക് നല്ലിനം വിത്ത് എത്തിക്കണമെന്ന് വേങ്ങൽ പാടശേഖര നെല്ലുൽപാദക സമിതി പ്രസിഡന്റ്‌ ചെറിയാൻ കെ മാത്യു, കൺവീനർ മാത്തൻ ജോസഫ്, സെക്രട്ടറി അനൂപ് എം പുല്ലുവേലിൽ എന്നിവർ ആവശ്യപ്പെട്ടു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top