22 December Sunday

മനം നിറയ്‌ക്കുമോണം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

 പത്തനംതിട്ട

ഓണം ആഘോഷ ദിവസങ്ങളിൽ പൊതുവിപണിയിൽ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സപ്ലൈകോ. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള സാധനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ വിപുലമായ ഒരുക്കങ്ങളാണ്‌ പൂർത്തിയായത്‌. ഇതിന്റെ ഭാഗമായി ജില്ലാ തലത്തിലും നിയോജക മണ്ഡല അടിസ്ഥാനത്തിലും സപ്ലൈകോ ഓണം ഫെയറുകൾ ആരംഭിക്കും. ജില്ലാ ഓണം ഫെയർ വെള്ളിയാഴ്‌ച മാക്കാംകുന്ന്‌ സെന്റ്സ്റ്റീഫൻസ്  ഓഡിറ്റോറിയത്തിന് എതിർവശം കിഴക്കേടത്ത് ബിൽഡിങിൽ പ്രവർത്തനം ആരംഭിക്കും. വൈകിട്ട് അഞ്ചിന് ആരോഗ്യ മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി ആദ്യവില്‍പ്പന നിര്‍വഹിക്കും. അഞ്ച്‌ മണ്ഡലങ്ങളിലും 10ന്‌ ഫെയർ ആരംഭിക്കും. 14 വരെയാണ്‌ പ്രത്യേക ഓണം ഫെയറുകൾ പ്രവർത്തിക്കുക.
സബ്‌സിഡി സാധനങ്ങൾക്ക്‌ പുറമെ സബ്‌സിഡി ഇതര സാധനങ്ങളും വൻ വിലക്കുറവിൽ ഇത്തരം ഫെയറുകളിൽ നിന്ന്‌ ജനങ്ങൾക്ക്‌ ലഭിക്കും. പ്രത്യേക പച്ചക്കറി സ്റ്റാളുകളും ഉണ്ട്‌. ഓണം ഫെയറുകളിൽ 13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമെ ശബരി ഉൽപ്പന്നങ്ങളും പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, മിൽമ, കൈത്തറി എന്നിവയുടെ ഉൽപ്പന്നങ്ങളും പഴം, ജൈവ പച്ചക്കറികൾ എന്നിവയും ലഭിക്കും. അഞ്ച്‌ മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ്‌ സപ്ലൈകോയിൽ സാധനങ്ങളുടെ വിൽപ്പന. ഇതിന്‌ പുറമെ ദിവസവും പകൽ രണ്ട്‌ മുതൽ നാല്‌ വരെ ഡീപ്‌ ഡിസ്‌കൗണ്ട്‌ അവേഴ്സിൽ കൂടുതൽ വിലക്കുറവിൽ സാധനങ്ങൾ ഫെയറിൽ ലഭ്യമാകും. പ്രമുഖ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ കോംബോ, ബൈ വൺ ഗെറ്റ് വൺ ഓഫറും ലഭിക്കും. ആയിരത്തോളം പ്രമുഖ ബ്രാൻഡുകളുടെ നിത്യോപയോഗ സാധനങ്ങൾക്ക്‌ വിലക്കുറവുണ്ടാകും. 255 രൂപയുടെ ആറ്‌ ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ ഓണം കിറ്റ് മേളയുടെ മറ്റൊരു ആകർഷണമാണ്‌. 
കൂടാതെ ജില്ലയിലെ 78 വില്പനശാലകളിലൂടെയും 13 ഇന സബ്സിഡി സാധനങ്ങളടക്കം എല്ലാ  അവശ്യ സാധനങ്ങളും ലഭ്യമാക്കും. അവശ്യസാധനങ്ങൾ വിൽപ്പന ശാലകളിൽ എത്തിച്ചു. സംസ്ഥാന ഹോർട്ടികോർപ്പ്,  മിൽമ എന്നിവയുടെ സ്റ്റാളുകളും  ഓണം വിപണിയുടെ ഭാഗമായി പ്രവർത്തിക്കും. ഇവയിലൂടെ പഴം പച്ചക്കറികൾ പാൽ, പാൽ ഉൽപ്പന്നങ്ങൾ എന്നിവ വലിയ വിലക്കുറവിൽ ലഭ്യമാക്കും. 
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായ കുട്ടികൾക്കുള്ള സ്‌പെഷ്യൽ അരിയും സ്‌കൂളുകളിൽ എത്തിച്ച്‌ തുടങ്ങി. ഒരു വിദ്യാർഥിക്ക്‌ അഞ്ച്‌ കിലോ അരിയാണ്‌ സൗജന്യമായി നൽകുന്നത്‌. ആറന്മുള മണ്ഡലത്തിലെ ഓണം ഫെയര്‍ 10ന് വൈകിട്ട് അഞ്ചിന് ആരോഗ്യ- മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കോന്നി നിയോജകമണ്ഡലത്തിലെ ഓണം ഫെയര്‍ 10ന് രാവിലെ 8.45ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top