പത്തനംതിട്ട
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബി ആൻഡ് സി ബ്ലോക്കിലെ തകരാറായ ലിഫ്‌റ്റ് നേരെയാക്കുന്ന ജോലികൾ തുടങ്ങി. ലിഫ്‌റ്റിന്റെ തകരാറായ ഭാഗങ്ങൾ അഹമ്മദാബാദിൽനിന്ന് എത്തിച്ചതോടെയാണ് ശനിയാഴ്‌ച നിർമാണം ആരംഭിച്ചത്. എറണാകുളം ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് ലിഫ്‌റ്റ് നിർമിച്ചത്. അറ്റകുറ്റപ്പണികൾ നടത്തേണ്ടതും കമ്പനിയാണെന്നതാണ് കരാർ.
കഴിഞ്ഞ 12ന് പുലർച്ചെയാണ് ലിഫ്‌റ്റ് തകരാറായത്. ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡർ ലിഫ്‌റ്റിൽ കുടുങ്ങിയതിനെ തുടർന്ന് ബലമായി വലിച്ച് തുറന്നാണ് ലിഫ്‌റ്റ് തകരാറായത്. ചില പാർട്‌സുകൾക്ക് നാശം സംഭവിച്ചിരുന്നു. ലിഫ്‌റ്റ് കേടായ വിവരം അന്നുതന്നെ ആശുപത്രി അധികൃതർ കമ്പനിയെ അറിയിച്ചിരുന്നു. തകരാറായ പാർട്‌സ് കമ്പനിയുടെ കൈവശമില്ലാത്തതിനാൽ പുതിയവ നിർമിച്ച് എത്തിക്കാനാണ് താമസം നേരിട്ടത്. നിർമാണ ജോലികൾ ഞായറാഴ്‌ച പൂർത്തിയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..