പന്തളം
പിണങ്ങി കഴിയുന്ന ഭാര്യയെ കാണാൻ അനുവദിക്കാത്തതിലുള്ള വിരോധം കാരണം, വീട്ടിൽ കയറി അതിക്രമം കാണിക്കുകയും ഭാര്യയേയും അമ്മയേയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ പന്തളം പൊലീസ് പിടികൂടി.
അടൂർ പെരിങ്ങനാട് മേലൂട് പന്നിവേലിക്കൽ അനുരാജ് ഭവനം വീട്ടിൽ എ ആർ അനിരാജ് (34) ആണ് അറസ്റ്റിലായത്. ഭാര്യ രാജിരാജ്, അമ്മ ലക്ഷ്‌മി എന്നിവർക്കാണ് മർദനമേറ്റത്. തുടർന്ന് ഇരുവരും അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിലെത്തിയും ഇവരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി എട്ടോടെ കുരമ്പാല സൗത്ത് മയിലാടുംകുളത്തെ ഭാര്യയുടെ വീട്ടിലെത്തി രാജിയെയും കുഞ്ഞിനെയും കാണണമെന്ന് ഭർത്താവ് അനിരാജ് ആവശ്യപ്പെട്ടു. പകൽ വരാൻ പറഞ്ഞപ്പോൾ അസഭ്യം വിളിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിക്കുകയായിരുന്നു. യുവതിയെയും മാതാവിനെയും ഇയാൾ ക്രൂരമായി മർദിച്ചു. ഭയന്ന് വീടിനുള്ളിൽ കയറി കതകടച്ചപ്പോൾ, അടുക്കളയുടെ കതക് ബലം പ്രയോഗിച്ച് തുറന്ന് ഉള്ളിൽക്കയറി വീണ്ടും ഉപദ്രവിച്ചു. ഭിത്തിയോട് ചേർത്തുവച്ച് മർദിച്ചതിനെ തുടർന്ന് ലക്ഷ്മിയുടെ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്.
അതിരമലയിലെ ഇയാളുടെ വീട്ടിൽവച്ച് കസ്റ്റഡിയിലിടുക്കവെ പൊലീസിനെ പ്രതി ആക്രമിക്കാൻ ശ്രമിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണത്തിന് പന്തളം എസ് എച്ച്ഒ ടി ഡി പ്രതീഷ് നേതൃത്വം നൽകി. എസ്ഐമാരായ അനീഷ് എബ്രഹാം, മനോജ് കുമാർ, സിപിഓമാരായ അജീഷ് കുമാർ, എസ് അൻവർഷ, ആർ രഞ്ജിത്ത്, വിഷ്ണു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത് .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..