06 November Wednesday

ശബരിമലയിലും നിലയ്‌ക്കലും കുടിവെള്ളം ഇഷ്ടംപോലെ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024
റാന്നി
‌നിലയ്ക്കൽ കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്. ഈ മണ്ഡലകാലത്തുതന്നെ പദ്ധതിയിൽനിന്നും ശബരിമലയിലേക്കും വിവിധ അനുബന്ധ മേഖലകളിലും കുടിവെള്ളം എത്തിക്കും. 1, 200 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. പദ്ധതിക്കായി 13 എംഎൽഡി ശേഷിയുള്ള പ്ലാന്റാണ് നിലയ്ക്കലിൽ സ്ഥാപിച്ചത്.  
നിലയ്ക്കലിൽ സ്ഥാപിച്ച ടാങ്കിലേക്ക് വെള്ളം എത്തിക്കാന്‍ 21 കിലോമീറ്ററില്‍  പൈപ്പ് ലൈനുകൾ  സ്ഥാപിച്ചു. ദേശീയപാത അതോറിറ്റിയുടെ സഹകരണത്തോടെ  കഴിഞ്ഞ ദിവസം മണ്ണാറക്കുളഞ്ഞി –-  ചാലക്കയം റോഡില്‍ പ്ലാപ്പള്ളി ഭാഗത്ത് രണ്ടിടങ്ങളിലായി റോഡ് മുറിച്ച പൈപ്പ് ഇട്ട്‌ കോൺക്രീറ്റ് ചെയ്തു. ഇത് ഉറയ്ക്കുന്ന മുറയ്ക്ക് ബിഎംബിസി ചെയ്ത്‌ റോഡ് പഴയ നിലവാരത്തിലാക്കും. 20 ദിവസത്തിനകം കുടിവെള്ള പദ്ധതി പ്രവർത്തിപ്പിക്കാനാകും.  ഇതോടെ ഈ സീസണില്‍ തന്നെ ശബരിമലയിലടക്കം യഥേഷ്ടം കുടിവെള്ളം ലഭ്യമാകും. 
സീതത്തോട് മാർക്കറ്റ് ജങ്ഷനിൽ കാക്കാട്ടാറിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന കിണറ്റിൽനിന്ന് ശേഖരിക്കുന്ന കുടിവെള്ളമാണ് നിലയ്ക്കല്ലിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷം സീതത്തോട്,  നിലയ്ക്കൽ, പമ്പ, അട്ടത്തോട്, ളാഹ തുടങ്ങിയ മേഖലകളിൽ വിതരണം ചെയ്യുന്നത്. സീതത്തോട്ടിൽ നിന്നും ളാഹ വരെ മൂന്ന് മേഖലകളിൽ  ആറുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള  മൂന്ന്  ടാങ്ക്  നിർമിച്ചാണ്  വിതരണം സുഗമമാക്കുന്നത്. ഇതിന്റെ  നിർമാണവും  പൂർത്തിയായി. ശബരിമലയിലും  പമ്പയിലും ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലും കുടിവെള്ളം ഇതോടെ  യഥേഷ്ടം എത്തും. എൽഡിഎഫ്‌  സര്‍ക്കാര്‍ വലിയ പരി​ഗണന നല്‍കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.  വർഷംതോറും കോടിക്കണക്കിന് രൂപയാണ് ശബരിമലയിലെ ജലവിതരണത്തിന്  സർക്കാർ മുടക്കുന്നത്.  കൂടാതെ ഇവിടെയുള്ള വ്യാപാരികൾക്കും തീർഥാടകർക്കും വിവിധ സർക്കാർ ഓഫീസുകൾക്കും  ശുദ്ധമായ കുടിവെള്ളം എത്തിക്കാനും ഇതു വഴിയാകുമെന്നതും പ്രത്യേകതയാണ്. പമ്പയിലേക്ക് വലിയ വാഹനങ്ങളിൽ കുടിവെള്ളമെത്തിക്കുന്നത് ഒഴിവാകും. തീർഥാടന പാതയിൽ വലിയ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനുമാവും.  
പട്ടികജാതി പട്ടികവർ​ഗ കോളനികളിലും വനമേഖലയിൽ താമസിക്കുന്ന ആദിവാസികൾക്കും കുടിവെള്ളത്തിന്റെ   ബുദ്ധിമുട്ടിനും  പരിഹാരമാകും. മണ്ണാറക്കുളഞ്ഞി –ചാലക്കയം ശബരിമല പാതയിൽ പൈപ്പിടാൻ റോഡ് മുറിച്ച ഭാഗങ്ങൾ അഡ്വ.  പ്രമോദ് നാരായൺ എംഎൽഎയും കലക്ടർ എസ് പ്രേം കൃഷ്ണനും ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടർ വി രാജലക്ഷ്മിയും സന്ദർശിച്ചു. ശബരിമല സീസൺ ആരംഭിക്കും മുമ്പുതന്നെ ഇവിടങ്ങളിൽ ഉന്നത നിലവാരത്തിൽ റോഡ് പുനരുദ്ധരിക്കും. 15നകം റോഡ് മികച്ച നിലവാരത്തിലാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top