പത്തനംതിട്ട
അറിവിന്റെ അക്ഷര മുറ്റത്ത് വിദ്യാർഥികളുടെ പ്രതിഭ വളർത്താൻ സഹായിക്കുന്ന ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിന് 14ന് തുടക്കമാകും. ദേശാഭിമാനിയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ നടക്കുന്ന ക്വിസ് മത്സരത്തിന്റെ സ്കൂൾ മത്സരങ്ങളാണ് പതിനാലിന് നടക്കുക. പകൽ രണ്ടിനാണ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിലും മത്സരം.
സബ്ജില്ലാ മത്സരങ്ങൾ 28നും ജില്ലാ മത്സരം ഒക്ടോബർ 19നും സംസ്ഥാന മത്സരം നവംബറിലുമാണ്. ജില്ലയിലെ 11 സബ് ജില്ലകളിലും സബ്ജില്ലാ മത്സര സംഘാടക സമിതി രൂപീകരിച്ചു. മത്സര രജിസ്ട്രേഷനും ആരംഭിച്ചു. ദേശാഭിമാനിയുടെ വെബ്സൈറ്റിൽ രജിസ്ട്രേഷന് സംവിധാനമുണ്ട്. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി വ്യക്തിഗതമായാണ് ഇത്തവണ മത്സരം നടക്കുക. കഴിഞ്ഞ തവണ രജിസ്റ്റര്‍ ചെയ്‌തവരും ഇത്തവണ രജിസ്ട്രേഷന്‍ പുതുക്കണം.
നടന്‍ മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡറായ മത്സരത്തില്‍ സംസ്ഥാനത്താകെ രണ്ടു കോടി രൂപയുടെ സമ്മാനമാണ് വിദ്യാർഥികൾക്ക് സമ്മാനിക്കുക. പത്തിനകം കഴിവതും എല്ലാ സ്കൂളുകളും രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സംഘാടകസമിതി അറിയിച്ചു. സ്കൂള്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരാണ് സബ്ജില്ലാ മത്സരത്തില്‍ പങ്കെടുക്കുക. ഒന്നും രണ്ടും സ്ഥാനം നേടുന്ന സ്കൂള്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും പുസ്തകവും സമ്മാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..