22 December Sunday

തുരത്താൻ എന്തുവഴി...

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

കോന്നി ആനക്കൂടിന് സമീപം പന്നി ശല്യത്തിൽ നിന്ന് 
രക്ഷനേടാൻ കൃഷിയിടത്തിൽ നെറ്റ് കെട്ടിയിരിക്കുന്നു

 പത്തനംതിട്ട

വന്യമൃഗങ്ങളുടെയും കാട്ടുപന്നിയുടെയും ശല്യത്താൽ പൊറുതിമുട്ടി മലയോര ജില്ല. ജീവിതം വഴിമുട്ടുന്ന അവസ്ഥയിലാണ്‌ ജില്ലയിലെ കർഷകരും ജനങ്ങളും. ഉപജീവന മാർഗത്തോടൊപ്പം ജീവൻ തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്‌ പന്നികൾ മൂലം പല സ്ഥലങ്ങളിലുമുണ്ടാകുന്നത്‌. പന്നിയുടെ ആക്രമണത്തിൽ നാട്ടുകാർക്ക്‌ പരിക്കേൽക്കുന്ന നിരവധി സംഭവങ്ങളും നടന്നു. കൃഷിയിടത്തിൽ പന്നി കടക്കാതിരിക്കാൻ സ്ഥാപിച്ച വൈദ്യുത വേലിയിൽനിന്ന്‌ ഷോക്കേറ്റ്‌ രണ്ട്‌ കർഷകരും മരിച്ചു. 
മുമ്പ്‌ രാത്രിയാണ്‌ പന്നികൾ നാട്ടിലിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ ഏത്‌ സമയവും ഇവയെ നാട്ടിൽ കാണാം. കാടുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലാണ്‌ ശല്യം രൂക്ഷം. എന്നാൽ വന ഭൂമിയില്ലാത്ത സ്ഥലങ്ങളിൽ പോലും ഇപ്പോൾ കാട്ടുപന്നികൾ ധാരാളമാണ്‌. നാട്ടിൽ പെറ്റുപെരുകി ഇവ പൊതുജീവിതത്തിന്‌ ശല്യമായി മാറുന്നു. റാന്നി, പെരുനാട്‌, കോന്നി, പറക്കോട്‌, അടൂർ, ഇലന്തൂർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ ശല്യം രൂക്ഷമാണ്‌. സ്വകാര്യ വ്യക്‌തികളുടെ കാടുപിടിച്ച്‌ കിടക്കുന്ന പുരയിടങ്ങൾ ഇവയ്‌ക്ക്‌ സുരക്ഷിത താവളമൊരുക്കുന്നു. ഇത്തരം നിരവധി പ്രദേശങ്ങൾ ജില്ലയിലെവിടെയും കാണാം. കാടുവെട്ടി തെളിക്കണമെന്ന തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവ്‌ പലപ്പോഴും ഉടമകൾ ചെവിക്കൊള്ളാറില്ല.
വന്യജീവി ആക്രമണത്തിന്‌ തടയിടാൻ സംസ്ഥാന സർക്കാർ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും കേന്ദ്ര വന്യജീവി നിയമം തടസ്സമാവുകയാണ്‌. പന്നികളെ കൊല്ലാൻ സംസ്ഥാന സർക്കാർ നൽകിയ അനുമതി പ്രകാരം ജില്ലയിൽ പന്നി ശല്യം രൂക്ഷമായ പഞ്ചായത്തുകളിൽ ലൈസൻസുള്ള തോക്കുടമസ്ഥരെ നിയോഗിച്ചിട്ടുണ്ട്‌. കൂടാതെ വന്യമൃഗ ശല്യത്തിൽ വിളകൾ നശിക്കുന്ന, ഇൻഷുറൻസുള്ള കർഷകർക്ക്‌ നഷ്‌ടപരിഹാരവും നൽകുന്നു. തദ്ദേശ സ്ഥപനങ്ങൾ മുഖേന വേലി സ്ഥാപിക്കാനുള്ള സഹായവും നൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top