പത്തനംതിട്ട
ഓണത്തിന് മുമ്പ് പരമാവധി ദുരിതബാധിതർക്ക് സഹായമെത്തിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് വനം-വന്യജീവി മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. പലരും ഇപ്പോഴും ദുരിതത്തിൽ കഴിയുന്നതിനാൽ ആർഭാടരഹിതമായ ഓണമായിരിക്കണം ഇത്തവത്തേതെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോഴഞ്ചേരി മേലുകര കിഴക്ക് സെന്റ് തോമസ് മർത്തോമ ഇടവക പ്രാർഥനാലയ ഹാളിൽ നടന്ന ചടങ്ങിൽ റീബിൽഡ് കേരള പദ്ധതി പ്രകാരം പുനർനിർമിച്ച 18 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിൽ ജില്ലയിൽ 615 വീടുകൾ പൂർണമായും തകർന്നിരുന്നു. അവയിൽ 341 വീടുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ടെന്നും 95 വീടുകൾ റൂഫ് ലെവലിലും 100 വീടുകൾ ലിന്റൽ ലെവലിലും 73 എണ്ണം ബേസ്മെന്റ് ഘട്ടത്തിലുമാണ്. കൈമാറ്റം ചെയ്ത വീടുകളിൽ 114 എണ്ണം കെയർ ഹോം പദ്ധതിയിലുൾപ്പെടുത്തി നിർമിച്ചതും 199 എണ്ണം സ്വന്തം നിർമാണത്തിലും 28 എണ്ണം സ്പോൺസർഷിപ്പിൽ പൂർത്തിയായവയുമാണെന്ന് മന്ത്രി പറഞ്ഞു. 'ജനകീയം ഈ അതിജീവനം' പരിപാടിയിൽ ജില്ലയിൽ 25 വീടുകളുടെ താക്കോൽദാനം മന്ത്രി നിർവഹിച്ചിരുന്നു. അതിനു ശേഷം പൂർത്തിയായ 18 വീടുകളുടെ താക്കോൽദാനമാണ് മന്ത്രി ശനിയാഴ്‌ച നിർവഹിച്ചത്.
അത്തിക്കയം സ്വദേശിനി കുഴിയ്ക്കൽ ശാന്തമ്മ ആദ്യ താക്കോൽ ഏറ്റുവാങ്ങി. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന വീടുകൾ സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതി പ്രകാരമാണു പുനർനിർമിച്ചത്. കോഴഞ്ചേരി താലൂക്കിലെ ഒൻപതും കോന്നി, മല്ലപ്പള്ളി താലൂക്കുകളിലെ രണ്ടു വീതവും റാന്നി താലൂക്കിലെ അഞ്ചും വീടുകളുടെ താക്കോലാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്.കുടുംബശ്രീ അഗതി ആശ്രയ കിറ്റും മന്ത്രി യോഗത്തിൽ വിതരണം ചെയ്തു. ആദ്യകിറ്റ് സരോജിനി ഭാസ്‌ക്കരൻ ഏറ്റുവാങ്ങി.
വീണാ ജോർജ് എംഎൽഎ അധ്യക്ഷയായി. കലക്ടർ പി ബി നൂഹ്, സോഷ്യൽ ഫോറസ്ട്രി സതേൺ റീജിയൺ ഫോറസ്റ്റ് കൺസർവേറ്റർ എ സിദ്ദീഖ്, എഡിഎം അലക്സ് പി തോമസ്, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ ആർ ബീനാ റാണി,
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ കൃഷ്ണകുമാർ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പൻ, എസ് വി സുബിൻ, ടി മുരുകേശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി ഈശോ, വാർഡ് അംഗങ്ങളായ മോളി ജോസഫ്, ആനി ജോസഫ്, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, കേരളാ കോൺഗ്രസ് (ബി) ജില്ലാ ജനറൽ സെക്രട്ടറി സാംകുട്ടി പാലയ്ക്കാമണ്ണിൽ, കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ്, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ആർ രാജേഷ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ എൻ ഹരി തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..