കോന്നി
വിവാഹത്തിനെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ചെന്നീർക്കര, പ്രക്കാനം പുനരധിവാസ കോളനിയിൽ രാജീവ് ഭവനത്തിൽ സന്ദീപ് (23), ഇലന്തൂർ ഇടപരിയാരം വരട്ടിച്ചിറ കോളനിയിൽ മുന്നൂറ്റിമംഗലത്ത് ആരോമൽ (21) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴം വൈകിട്ട് 5.30ഓടെ പയ്യനാമൺ പ്ലാക്കാട്ട് പടിയ്ക്ക് സമീപമാണ് സംഭവം. ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് ഇലന്തൂർ സ്വദേശിയായ യുവതി കൊന്നപ്പാറയിലെത്തിയത്. പത്തനംതിട്ടയിലെ വിവാഹ ചടങ്ങിനു ശേഷം യുവതിയും ബന്ധുവും തിരികെ കൊന്നപ്പാറയിലെ ബന്ധുവീട്ടിലെത്തുകയായിരുന്നു. ഇരുവരേയും യുവതിയുടെ പഴയ സുഹൃത്തായ സന്ദീപ് പ്ലാക്കാട്ട് പടിയിലേക്ക് വിളിച്ചു വരുത്തി. സന്ദീപും, യുവതിയും തമ്മിൽ മുമ്പ് അടുപ്പത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ സംസാരിക്കുന്നതിനിടെ കാറിന്റെ പിന്നിലിരുന്ന ആരോമലിന്റെ സഹായത്തോടെ യുവതിയെ ബലമായി പിടിച്ച് വലിച്ച് പിൻസീറ്റിൽ കയറ്റുകയും. അമിത വേഗതയിൽ ഓടിച്ചുപോകാൻ ശ്രമിക്കുകയുമായിരുന്നു.
ബന്ധു കാർ തടഞ്ഞു ബോണറ്റിൽ കിടന്നതോടെ ഇയാളുമായി കാർ 100 മീറ്ററോളം മുന്നോട്ട് പോയി. ഇത് കണ്ട ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിള കാർ കുറുക്കിട്ട് യുവാക്കളെ തടഞ്ഞു. നാട്ടുകാർ ഓടിയെത്തുകയും ചെയ്തു. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി വാഹനവും, പ്രതികളെയും കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനുശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 21 കാരനായ ആരോമലിന്റെ പേരിൽ പന്തളം, ആറന്മുള, പത്തനംതിട്ട സ്റ്റേഷനുകളിലായി മോഷണം, അടിപിടി അടക്കം ഏഴ് കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടു പോകൽ, വധശ്രമം, അന്യായമായി തടഞ്ഞു നിർത്തൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..