പത്തനംതിട്ട
ഓണം ഉത്സവനാളുകളിൽ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിലെത്തിക്കാൻ കൺസ്യൂമർഫെഡ്, സഹകരണസംഘം ഓണച്ചന്തകൾ ശനിയാഴ്‌ച മുതൽ.
പൊതുവിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം കൺസ്യൂമർഫെഡിന്റെ ത്രിവേണി സ്റ്റോറുകളിലും സഹകരണസംഘങ്ങളുടെ വിപണന കേന്ദ്രങ്ങളിലുമാണ് ഓണച്ചന്തകൾ ആരംഭിക്കുന്നത്. സംസ്ഥാനത്താകെ ഇത്തരം 1,500 ഓണച്ചന്തകളാണ് ആരംഭിക്കുക. ഇതിന്റെ ഭാഗമായി ജില്ലയിലും 92 ഓണച്ചന്തകൾ പ്രവർത്തിക്കും.
14 വരെയാണ് ചന്തകൾ പ്രവർത്തിക്കുക. ത്രിവേണി സ്റ്റോറുകൾ ഞായറാഴ്‌ചയും തുറന്ന് പ്രവർത്തിക്കും. സഹകരണ ഓണം വിപണികളുടെ ജില്ലാ ഉദ്ഘാടനം ശനി രാവിലെ 10ന് റാന്നി സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
സബ്സിഡി സാധനങ്ങൾ റേഷൻ കാർഡ് വഴിയാണ് വിതരണം ചെയ്യുക. 13 ഇന സബ്സിഡി സാധനങ്ങൾക്ക് പുറമേ മറ്റ് 400ഓളം പ്രധാന നിത്യോപയോഗ സാധനങ്ങൾക്ക് 10 മുതൽ 40 ശതമാനം വരെ വിലക്കുറവ് 92 വിൽപ്പനശാകളിലും ഉണ്ടാകും. സഹകരണ സംഘങ്ങളുടെ പച്ചക്കറി ചന്തകളും പ്രവർത്തിക്കും. സബ്‌സിഡി ഇനങ്ങളോടൊപ്പം വിപ്രോ, റെക്കിറ്റ്, ഹിന്ദുസ്ഥാൻ യൂണിലിവർ, കോൾഗേറ്റ്, ജ്യോതിലാബ്, കണ്ണൻ ദേവൻ, എവിടി, ആർജി തുടങ്ങിയ പ്രമുഖ ബ്രാൻഡഡ് കമ്പനികളുടെ ഇനങ്ങളും ത്രിവേണി ബ്രാൻഡ് ഉൽപ്പന്നങ്ങളും വിലക്കുറവിൽ ലഭിക്കും.
കൺസ്യൂമർഫെഡിന്റെ 12 ത്രിവേണി ചന്തകളും സഹകരണ സംഘങ്ങളുടെ 80 ചന്തകളുമാണ് ഓണക്കാലത്ത് ജില്ലയിൽ പ്രവർത്തിക്കുക.
പത്തനംതിട്ട, കോഴഞ്ചേരി, പറക്കോട്, പൊടിയാടി, കോന്നി, കലഞ്ഞൂർ, വെണ്ണിക്കുളം, തിരുവല്ല, പുല്ലാട്, പെരുനാട്, സീതത്തോട്, ഓമല്ലൂർ എന്നീ ത്രിവേണി ഔട്ട്‌ലെറ്റുകളിലാണ് ഓണച്ചന്തകൾ. സബ്‌സിഡി ഇതര സാധനങ്ങൾ പൊതു വിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ ത്രിവേണി ഔട്ട്‌ലെറ്റുകളിൽനിന്ന് എത്ര വേണമെങ്കിലും വാങ്ങാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..