18 November Monday

കെട്ടിടാവശിഷ്ടം ഇനി 
പാഴാകില്ല

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024
കോഴഞ്ചേരി 
ഖര മാലിന്യങ്ങൾ പുനരുപയോഗിച്ചുകൊണ്ടുള്ള പ്രകൃതി സൗഹാർദ്ദ സുസ്ഥിര സാങ്കേതിക വിദ്യയിലൂടെയുള്ള നിർമിതി വാസ്തുവിദ്യാ ഗുരുകുലത്തിന്റെ നവീന പദ്ധതിയാണ്. സുസ്ഥിര നിര്‍മാണ വിദ്യയില്‍ പുതിയ ചുവടുവയ്പ്പുകള്‍ നടത്തുകയാണ് വാസ്തുവിദ്യാ ഗുരുകുലം. മണ്ണിന് പകരമായി പൊടിച്ച കെട്ടിടാവശിഷ്ടം പുനർസംയോജിപ്പിച്ചു റാംഡ് എർത്ത്‌ എന്ന സമ്പ്രദായത്തിലൂടെ പുതിയ കെട്ടിടങ്ങൾ നിർമിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ന് നിലവിലുള്ള സാങ്കേതിക വിദ്യ പ്രകാരം നിർമിച്ച കെട്ടിടത്തോട് ഒപ്പമോ അതിലേറെയോ ഈടും ബലവും ലഭിക്കും ഇത്തരത്തിൽ നിർമിക്കുന്ന കെട്ടിടത്തിന് എന്നത്  ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
    ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാസ്തുവിദ്യാ ഗുരുകുലത്തിലെ സീനിയർ സയന്റിസ്റ്റ് വി സുരേഷ് നിർമിച്ച ആദ്യ കെട്ടിടമാണ് വാസ്തുവിദ്യാ ഗുരുകുലത്തിലെ ഇന്ത്യൻ നോളഡ്‌ജ് സിസ്റ്റംസ് സെന്റർ. ഇത്തരത്തിലുള്ള  ഇന്ത്യയിലെ ആദ്യത്തെ കെട്ടിടമായി ഇത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. നിർമാണ രംഗത്ത് ഗുണനിലവാരം ഉറപ്പാക്കുന്നതിനാവശ്യമായ മെറ്റീരിയൽ ടെസ്റ്റിങ്‌ സൗകര്യവും ഇവിടെ ലഭ്യമാണ്. റാംഡ് എർത്ത്‌ സാങ്കേതികവിദ്യ പ്രകാരം നിർമിക്കുന്ന മൺ നിർമിതികൾക്ക് ഈർപ്പ കാലാവസ്ഥയിലും ഉറപ്പും ഈടും നൽകാൻ കഴിയും.
   സുസ്ഥിര സാങ്കേതികവിദ്യാ നിർമാണ രീതിയുടെ അനന്തമായ സാധ്യതകളെ പ്രയോജനപ്പെടുത്തി പ്രകൃതി സൗഹാർദ്ദ നിർമാണ ശൈലി പ്രചരിപ്പിക്കാനുള്ള ദൗത്യമാണ് വസ്തുവിദ്യാ ഗുരുകുലം ഏറ്റെടുത്തിരിക്കുന്നത്. മനോഹരവും ഉറപ്പുള്ളതും ചെലവ് കുറഞ്ഞതുമായ വലിയ കെട്ടിടങ്ങളും വീടുകളും ഇത്തരത്തിൽ നിർമിക്കാൻ കഴിയുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത. പഞ്ചായത്തു തലത്തിൽ ഇത്തരം കെട്ടിടാവശിഷ്ടം കെട്ടിട നിർമാണ ദ്രവ്യമായി ഉപയോഗിക്കുന്ന തരത്തിലുള്ള യൂണിറ്റുകൾ ആരംഭിച്ചാൽ അത് മാലിന്യ നിർമാർജനം സാധ്യമാക്കുന്നതിനോടൊപ്പം സാമ്പത്തിക നേട്ടം കൈവരിക്കുന്ന നിർമാണ രീതിയിലേക്ക് എത്തിക്കാൻ കഴിയുമെന്ന് വി സുരേഷ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top