22 December Sunday

മുതുപേഴുങ്കൽ അങ്ങനെ 
രാധപ്പടിയായി

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024
കോന്നി
നിസ്വാർഥ ആതുര സേവനത്തിന്റെ ബാക്കിപത്രമാണ് കോന്നിയിലെ രാധപ്പടി. ജീവിച്ചിരിക്കുമ്പോൾ തന്റെ പേരിലുള്ള ജങ്ഷൻ അഭിമാനമായി കാണുകയാണ് വയോധികയായ ആതുരശുശ്രൂഷക രാധാ സുരേന്ദ്രൻ. അരനൂറ്റാണ്ട് മുമ്പാണ് കരുവാറ്റ സ്വദേശിനിയായ രാധ ആതുര സേവനത്തിന്റെ  ഭാഗമായി കോന്നിയിലെത്തുന്നത്. 19-ാം വയസിൽ കൂടലിലെ എസ് എൻ ആശുപത്രിയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചു.  തുടർന്ന് കൊല്ലൻ പടിയിൽ ആരംഭിച്ച ശാഖയിൽ ചുമതലക്കാരിയുമായി. 
പിന്നീടാണ് കൊല്ലൻപടി –- അതിരുങ്കൽ റോഡില്‍  മുതുപേഴുങ്കലില്‍ 1980ല്‍ സ്വന്തം ക്ലിനിക്ക് ആരംഭിക്കുന്നത്. മുന്നൂറ് വേലിക്കൽ രാമചന്ദ്രന്റെ  വീട് വാടകയ്ക്കെടുത്താണ്  തുടങ്ങിയതെങ്കിലും പിന്നീട് ഈ വീട് സ്വന്തമായി വാങ്ങുകയും രാധാ ഭവനമെന്ന് വീട്ടുപേര് മാറ്റുകയും ചെയ്തു. വകയാർ, കൊല്ലൻ പടി, മുതുപേഴുങ്കൽ ,അതിരുങ്കൽ തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാർക്ക് അത്താണിയായി മാറി രാധയുടെ ക്ലിനിക്ക്.  
കൊല്ലൻ പടി - –- മാങ്കോട്, -പത്തനാപുരം റൂട്ടിൽ ഗീതയെന്ന സ്വകാര്യ ബസ്  സർവീസ് ആരംഭിച്ചതോടെയാണ് ഇവിടം രാധപ്പടിയായി മാറുന്നത്. ബസിലെ കിളിയായിരുന്ന കരുണാകരപിള്ളയാണ് ഈ പേര് നൽകിയത്.  ക്ലിനിക്കിൽ എത്തുന്നവരെല്ലാം രാധപ്പടി ടിക്കറ്റെടുത്ത് ക്ലീനിക്കിന് മുന്നിലിറങ്ങാൻ തുടങ്ങിയതോടെ രാധപ്പടി പ്രസിദ്ധമായി.  അങ്ങനെ മുമ്പ് മുതുപേഴുങ്കലായിരുന്ന കവല രാധപ്പടിയായി മാറി.  
സമീപത്തെ മുട്ടാട്ടുപടി മുതുപേഴുങ്കലായും പിന്നീട് മുതുപേഴുങ്കൽ പള്ളിപ്പടിയായി മാറുകയും ചെയ്തു. 27 വര്‍ഷം മുമ്പ് ക്ലിനിക്ക് നിര്‍ത്തിയെങ്കിലും രാധപ്പടിക്ക് മാറ്റമില്ല.  വാഹന സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത കാലത്ത് യുവതിയായ രാധ മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ പ്രസവമെടുക്കാനായി വീടുകളിലെത്തുമായിരുന്നു.  അരനൂറ്റാണ്ടിന്റെ  ആതുര സേവനത്തിനു ശേഷം 87 കാരിയായ രാധയിപ്പോൾ മകൾ ശ്രീകലയുടെ ചെങ്ങന്നൂരിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top