22 December Sunday
കാലാവസ്ഥാ വ്യതിയാനവും ഉയർന്ന പരിപാലന ചെലവും

എള്ളുകൃഷി കാണാനില്ല

ഷാഹീർ പ്രണവംUpdated: Thursday Nov 7, 2024
കോന്നി
ഒരുകാലത്ത് മലയോര മേഖലയിലെ പാടശേഖരങ്ങളിലെ പ്രധാന ഇടവിളയായിരുന്ന എള്ളുകൃഷിയും അന്യമാകുന്നു. എണ്ണ ഉൽപ്പാദനം ലക്ഷ്യമിട്ടാണ് എള്ള് കൃഷി ചെയ്തിരുന്നത്. കാലാവസ്ഥാ വ്യതിയാനവും പരിപാലന ചെലവുമൊക്കെയാണ് ഈ കൃഷിയും അന്യംനിന്നുപോകാൻ കാരണം. പുരാതന കാലം മുതൽ എണ്ണക്കുരുവായി വളർത്തുന്ന സസ്യമാണിത്‌. ആയുർവേദത്തിൽ ഇതിനെ സ്‌നേഹവർഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വ്യാവസായിക ലക്ഷ്യമിട്ടാണ് കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്തിൽ ഇടവിളയായി എള്ള് വിത നടത്തിയിരുന്നത്.
മൂന്നുതരം എള്ള് 
വിത്തിന്റെ നിറമടിസ്ഥാനമാക്കി ഇതിനെ കറുത്ത എള്ള്, വെളുത്ത എള്ള്, ചാരനിറമുള്ള എള്ള് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്‌. ഏറെ ഗുണമേന്മയും ഉപഭോഗം കൂടുതലുള്ളതുമായ കറുത്ത എള്ളാണ് ജില്ലയിൽ വ്യാപകമായി വിതച്ചിരുന്നത്. എള്ള് വിത്തിന്റെ 50 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. രണ്ട് മീ​റ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷ ഓഷധി വർഗത്തിൽപ്പെട്ട സസ്യമാണിത്.
കൃഷി ഇങ്ങനെ 
കൊയ്ത്തുകഴിഞ്ഞ പാടത്തിൽ അടുത്ത നെൽ കൃഷിക്ക് മുമ്പായി ചാലുഴുത് വയൽ തോർന്ന ശേഷമാണ് എള്ള് വിതക്കുന്നത്. വിതച്ച ശേഷം പച്ചച്ചാണകം വിതറി വീണ്ടും പാടം ഉഴണം. വളരെ ചെറിയ ഈർപ്പത്തിൽ വളരുന്ന ഒരു സസ്യമായ ഇത് മുളച്ച് നാലിലപ്പരുവമാകുമ്പോൾ ഇടയിളക്കും. ഒരു മാസം കഴിഞ്ഞ് വളമിടണം. സാധാരണ മൂന്നുമാസമാണ് എള്ളുകൃഷിക്ക് വേണ്ടിവരുന്ന സമയം. ചെടി മൂടോടെ പിഴുതെടുത്ത് കായ്കൾ വേർതിരിച്ചാണ് വിളവെടുക്കുന്നത്.
നല്ലെണ്ണ എന്ന എള്ളെണ്ണ 
എള്ളിൽനിന്നും ലഭിക്കുന്ന പ്രധാന ഉല്പന്നമാണ് നല്ലെണ്ണ എന്ന എള്ളെണ്ണ. ഹൈന്ദവാചാരമനുസരിച്ച് നടത്തുന്ന അനുഷ്ഠാനങ്ങളിലും പ്രാർഥനകളിലും നെയ്യ് പോലെ തന്നെ പ്രാധാന്യമുള്ളതാണ് നല്ലെണ്ണയും. പാചക ആവശ്യങ്ങൾക്കും ഇതുപയോഗിക്കുന്നു. വിത്ത് നന്നായി ഉണക്കിയെടുത്ത ശേഷമാണ് എണ്ണയുണ്ടാക്കാൻ എടുക്കാറുള്ളത്. വിത്തിൽ എണ്ണയുടെ അംശം 37 മുതൽ 63 ശതമാനം വരെയുണ്ടെന്നാണ് കണക്കാക്കുന്നത്. ചക്കിലിട്ട് ആട്ടിയോ യന്ത്രസഹായത്തോടെയോ വേർതിരിച്ചെടുക്കുന്ന എണ്ണയ്ക്ക് സ്വർണനിറമായിരിക്കും. എള്ളുകൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കൃഷിഭവനുകളിലൂടെ ഇതിനാവശ്യമായ സാഹചര്യം ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top