19 December Thursday

ഓണത്തിന്‌ 
മധുരമൂറും

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

ഓണ വിപണിക്കായി വള്ളിക്കോട്‌ ശർക്കര തയ്യാറാക്കുന്നു

 പത്തനംതിട്ട

ഓണം ഇത്തവണയും കൂടുതൽ മധുരിക്കും. ജില്ലയുടെ ഓണ നാളുകൾക്ക്‌ കൂടുതൽ മധുരം പകരാൻ വള്ളിക്കോട്‌ ശർക്കര ഒരുങ്ങുന്നു. ഓണ വിപണി ലക്ഷ്യമിട്ടുള്ള വള്ളിക്കോട്‌ ശർക്കരയുടെ ഉൽപ്പാദനം ആരംഭിച്ചു. ഒരുകാലത്ത്‌ ജില്ലയുടെ പ്രതാപമായിരുന്ന വള്ളിക്കോട്‌ ശർക്കര വീണ്ടും വിപണി കീഴടക്കുകയാണ്‌. 20 വർഷങ്ങൾക്ക്‌ മുമ്പ്‌ അന്യം നിന്നുപോയ കരിമ്പ് കൃഷി മൂന്ന്‌ വർഷം മുമ്പാണ്‌ വള്ളിക്കോട്‌ വീണ്ടും സജീവമായത്‌. മൂന്നാമത്തെ വർഷവും ശുദ്ധമായ മധുരത്തിലൂടെ ഓണ വിപണി കീഴടക്കി പഴയ പ്രതാപം വീണ്ടെടുക്കാനൊരുങ്ങുകയാണ്‌ ‘വള്ളിക്കോട്‌ ശർക്കര’.
    ഒരു കാലത്ത് വള്ളിക്കോടിന്റെ മുഖമുദ്രയായി ഏക്കറ് കണക്കിന്‌ സ്ഥലങ്ങളിൽ വ്യാപിച്ചു കിടന്ന കരിമ്പിൻപാടങ്ങൾ ചലച്ചിത്ര ചിത്രീകരണങ്ങൾക്ക്‌ പോലും വേദിയായിരുന്നു. 12 ശർക്കര ചക്കുകളും പഞ്ചായത്തിലുണ്ടായിരുന്നു. ആ നഷ്‌ട പ്രതാപമാണ്‌ പഞ്ചായത്തും കൃഷിഭവനും ഒരുപറ്റം കർഷകരും ചേർന്ന്‌ ഇപ്പോൾ തിരികെ പിടിച്ചിരിക്കുന്നത്‌. മൂന്ന്‌ വർഷം കൊണ്ട്‌ പഞ്ചായത്തിലെ ആകെ കരിമ്പ്‌ കൃഷി 15 ഏക്കറിലേയ്‌ക്കാണ്‌ വ്യാപിച്ചത്‌.  വിളഞ്ഞ കരിമ്പ്‌ വിളവെടുപ്പ്‌ ആരംഭിച്ചു. വള്ളിക്കോടിന്റെ സ്വന്തം കരിമ്പ്‌ ഉപയോഗിച്ചുള്ള ഈ വർഷത്തെ ശർക്കര ഉൽപ്പാദനവും തുടങ്ങി. വ്യാഴാഴ്‌ച മുതൽ ശർക്കര വിപണനവും ആരംഭിക്കും. വള്ളിക്കോട്‌, മായാലിൽ, വള്ളിക്കോട്‌ വാഴമുട്ടം, നരിയാപുരം ഭാഗങ്ങളിലാണ് കരിമ്പ് കൃഷി ഇപ്പോൾ വ്യാപകമായിരിക്കുന്നത്. പന്തളം കൃഷി ഫാമിൽ നിന്നും എത്തിച്ച മാധുരി, മധുരിമ, മറയൂരിൽ നിന്ന്‌ എത്തിച്ച സിഒ 86032 ഇനത്തിൽപ്പെട്ട തലക്കവുമാണ് കൃഷി ചെയ്യുന്നത്‌.  കരിമ്പ് കൃഷി പരിപോഷിപ്പിക്കാൻ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് ഹെക്‌ടറിന്‌ 10,000 രൂപ ധനസഹായവും 13 മാസത്തേയ്‌ക്ക്‌ പലിശ രഹിത വായ്‌പയും നൽകുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top