20 December Friday
ഭാര്യ പണമയച്ചില്ല

കുഞ്ഞിന്റെ കഴുത്തിൽ വടിവാൾ വച്ച്‌ 
ഭീഷണി; യുവാവ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024
തിരുവല്ല 
വിദേശത്ത് ജോലിചെയ്യുന്ന ഭാര്യയോട് പണം ആവശ്യപ്പെട്ട് കിട്ടാതെ വന്നപ്പോൾ നാലര വയസ്സുകാരി മകളുടെ കഴുത്തിൽ  വടിവാൾ വച്ച് ഭീഷണിപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. തിരുവല്ല കുറ്റൂർ സ്വദേശി ജിൻസൺ ബിജുവിനെയാണ് തിരുവല്ല പൊലീസ് ശനിയാഴ്‌ച വൈകിട്ട് പിടികൂടിയത്. ഇയാളുടെ ഭാര്യ നെസ്സി വിദേശത്ത് നഴ്സാണ്. 
ഭാര്യയെ ഫോണിൽ വിളിച്ച് ഇയാൾ നിരന്തരം പണം ആവശ്യപ്പെടാറുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച വിളിച്ചു 40000 രൂപ ആവശ്യപ്പെട്ടു. കൊടുക്കാതിരുന്നപ്പോൾ അസഭ്യം വിളിച്ചുള്ള ശബ്ദ സന്ദേശം അയച്ചു. തുടർന്ന് വ്യാഴാഴ്ച രാത്രി 11ഓടെ വീഡിയോ കോൾ ചെയ്തശേഷം നാലര വയസ്സുകാരി ഇസ്സയുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണി മുഴക്കി. പിന്നീട് കുട്ടിയുടെ വലതു വാരിയെല്ലിന്റെ ഭാഗത്ത് വടിവാൾ കൊണ്ട് പോറലുണ്ടാക്കുകയും ചെയ്തു.
 ഇയാളുടെ പ്രവൃത്തിയിൽ ഭയന്നു നിലവിളിക്കുന്ന കുഞ്ഞിന്റെ ദൃശ്യം നെസ്സി മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു. യുവതിയുടെ പിതാവ്  പി വൈ വർഗീസ് തുടർന്ന് തിരുവല്ല പൊലീസിൽ പരാതി നൽകുകയും ജിൻസനെതിരെ കേസെടുക്കുകയുമായിരുന്നു. 
പണം ആവശ്യപ്പെട്ട് ഫോണിലൂടെ ജിൻസൺ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന് ശനിയാഴ്‌ച വൈകിട്ടോടെ ജിൻസനെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top