പത്തനംതിട്ട
വർഗീയ പ്രസ്ഥാനങ്ങളുടെ വാലായി മാറിയ കോൺഗ്രസും കേരള കോൺഗ്രസും തങ്ങളുടെ ഓഫീസുകൾ അടച്ചുപൂട്ടി ബിജെപി ഓഫീസുകളിലേക്ക് കുടിയേറാനുള്ള സമയം അതിക്രമിച്ചെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രസ്താവനയിൽ പറഞ്ഞു.
യുഡിഎഫ്–- ബിജെപി കൂട്ടുകച്ചവടത്തിന്റെ വ്യക്തമായ തെളിവാണ് കുറ്റൂർ പഞ്ചായത്തിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രകടമായത്. നാടിനൊരു ഗുണവും ചെയ്യാത്ത ബിജെപി ഭരണസമിതിയെ നിലനിർത്താനുള്ള തരംതാഴ്ന്ന കളികളാണ് കോൺഗ്രസും കേരള കോൺഗ്രസും അവിടെ നടത്തിയത്. ഈ കൂട്ടുകച്ചവടം ജില്ലയിലെ മിക്ക പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കമാണ് ഇരു പാർടികളും നടത്തുന്നത്്. കോൺഗ്രസിന്റെയും ബിജെപിയുടെയും പരസ്പര ധാരണയും സഹകരണവും നാട്ടിലെ ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്.
കുറ്റൂർ പഞ്ചായത്ത് ഭരണസമിതിയിൽ 14 അംഗങ്ങളിൽ ആറു പേർ ബിജെപിയും അഞ്ച് എൽഡിഎഫും രണ്ട് യുഡിഎഫും കേരള കോൺഗ്രസ് റിബലായി വിജയിച്ച ഒരാളുമാണുള്ളത്. യുഡിഎഫിലെ ഒരംഗം കേരള കോൺഗ്രസിന്റെയും മറ്റൊരാൾ കോൺഗ്രസിന്റെയും പ്രതിനിധികളാണ്. ഭരണസമിതി നിലവിൽ വന്നപ്പോൾ തന്നെ ബിജെപിയോടൊപ്പം ചേർന്ന് കേരള കോൺഗ്രസിന്റെ പ്രതിനിധി വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചു. ഇപ്പോൾ അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് കോൺഗ്രസ് അംഗവും വിട്ടുനിന്ന് ബിജെപിയെ സഹായിക്കുകയായിരുന്നു.
ജില്ലയിലെ പല പഞ്ചായത്തുകളിലും സഹകരണ സ്ഥാപനങ്ങളിലും ഇരുപാർട്ടികളുടെയും ഇത്തരത്തിലുള്ള കൂട്ടുകച്ചവടം നടക്കുന്നുണ്ട്. അടുത്തിടെ അയിരൂർ പഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിയ്ക്കെതിരെ എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് വിട്ടുനിന്നു ബിജെപി കോൺഗ്രസിനെ സഹായിച്ചു. കഴിഞ്ഞ ദിവസം തടിയൂർ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ഒരു പാനലായി നിന്നാണ് മത്സരിച്ചത്.
ഇത്തരത്തിൽ അധികാരത്തിനു വേണ്ടി എത് വർഗീയ വിഷസർപ്പങ്ങളോടും കൂട്ടുകൂടാൻ മടിയില്ലെന്ന് കോൺഗ്രസും കേരള കോൺഗ്രസും തെളിയിച്ചിരിക്കുകയാണെന്നും കെ പി ഉദയഭാനു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..