റാന്നി
സെന്റ് തോമസ് കോളേജിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന തൊഴിൽമേളയിൽ എസ്എസ്എൽസി മുതൽ പി ജി യോഗ്യതയുള്ളവർക്ക് വരെ പങ്കെടുക്കാം. കോളേജിലെ മൂന്ന് ബ്ലോക്കുകളിലായി നേരിട്ടും ഓൺലൈൻ വഴിയുമാണ് വിവിധ സ്ഥാപനങ്ങളുടെ അഭിമുഖങ്ങൾ നടക്കുക. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്.
രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി വരുന്ന മുഴുവൻ ഉദ്യോഗാർഥികൾക്കും വേണ്ട നിർദേശങ്ങളും മറ്റും നൽകാന്‍ 200 പേര്‍ അടങ്ങുന്ന സന്നദ്ധ സംഘം ഉണ്ടാകും. അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് പ്രധാന കൗണ്ടറിലെ രജിസ്ട്രേഷൻ പൂർത്തിയായാൽ ടോക്കണ്‍ നൽകും. ക്രമനമ്പർ അനുസരിച്ച് അവരെ അഭിമുഖ ഹാളിലേക്ക് പ്രവേശിപ്പിക്കും.
റാന്നി ടൗണിൽ എത്തുന്ന ഉദ്യോഗാർഥികൾക്ക് ശനിയാഴ്ച രാവിലെ തൊഴിൽമേള നടക്കുന്ന സെന്റ് തോമസ് കോളേജിലേക്ക് ബസ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണത്തിന് കോളേജ് കാന്റീൻ കുടുംബശ്രീ, എന്നിവയുടെ വില്പന കൗണ്ടർ പ്രവർത്തിക്കും. വൈദ്യസഹായം അത്യാവശ്യമായി ലഭ്യമാക്കാനും സജ്ജീകരണം ഏർപ്പെടുത്തി.
തൊഴിൽമേളയുടെ അവസാന ഒരുക്കങ്ങൾ കോളേജ് ഹാളിൽ ചേർന്ന സംഘാടകസമിതി യോഗം വിലയിരുത്തി. രാജു ഏബ്രഹാം അധ്യക്ഷനായി. പ്രമോദ് നാരായണ്‍ എംഎൽഎ, വിജ്ഞാന പത്തനംതിട്ട ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബി ഹരികുമാർ, ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാൻ ആർ അജിത് കുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. സ്നേഹ ജേക്കബ്, മാനേജർ സന്തോഷ് കെ തോമസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..