റാന്നി
റാന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആരംഭിക്കുന്ന കൂൺ ഗ്രാമം പദ്ധതി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഹോര്‍ട്ടി കൾച്ചറൽ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിക്കായി സംസ്ഥാനത്ത് 20 ബ്ലോക്ക് പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, തൊഴിലവസരം സൃഷ്ടിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. റാന്നിയിലെ കാർഷിക മേഖല പരിപോഷിപ്പിക്കാന്‍ പ്രത്യേക പദ്ധതി വേണമെന്ന് കൃഷി മന്ത്രി പി പ്രസാദിനോട് എംഎൽഎ അഭ്യര്‍ഥിച്ചതിന്റെ ഭാഗമായാണ് കൂൺ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. നേരത്തെ അങ്ങാടി, കൊറ്റനാട് പഞ്ചായത്തുകളെ കേരഗ്രാമം പദ്ധതിയിലും ഉൾപ്പെടുത്തിയിരുന്നു. റാന്നിയെ തേൻ ഗ്രാമം പദ്ധതിയിലും ഉൾപ്പെടുത്താമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും പദ്ധതിക്കായി ഉൾപ്പെട്ടിട്ടുള്ളത് റാന്നി ബ്ലോക്ക് പഞ്ചായത്താണ്. 30.5 ലക്ഷം രൂപയാണ് അനുവദിച്ചത്. വീട്ടമ്മമാർക്ക് എളുപ്പം ചെയ്യാവുന്ന ആദായം ലഭിക്കുന്ന കൃഷിയാണ് കൂൺ ഗ്രാമം.
400 കി ഗ്രാം കൂൺ ഉൽപ്പാദിപ്പിക്കാന്‍ ചെറുകിട യൂണിറ്റിന് 28,000 രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. വൻകിട യൂണിറ്റിന് അഞ്ച് ലക്ഷം രൂപയിൽ രണ്ട് ലക്ഷം രൂപ സബ്സിഡി ലഭിക്കും.
കൂൺ വളർത്തലിലെ ശാസ്ത്രീയ പരിശീലനം, ഒപ്പം കൂണിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനും പദ്ധതിയിൽ ലക്ഷ്യമിടുന്നുണ്ട്. നല്ല വിത്ത്, പരിപാലനം, വിളവെടുപ്പ്, സംഭരണം സംസ്കരണം എല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിനെല്ലാം കർഷകർക്ക് സബ്സിഡി ലഭ്യമാക്കും. ബ്ലോക്ക് പ്രസിഡന്റ് കെ എസ് ഗോപി അധ്യക്ഷനായി. ഹോർട്ടികൾച്ചർ ഡപ്യൂട്ടി ഡയറക്ടർ സി ആർ രശ്മി, അസി. ഡയറക്ടർ മീനാ മേരി മാത്യു, ജില്ലാ ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ് എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..