പന്തളം
ഓണസദ്യയിലെ അടപ്രഥമന് മധുരംകൂട്ടാൻ ഇക്കുറിയും പന്തളത്തിന്റെ സ്വന്തം ശർക്കര തയ്യാർ. ശർക്കര വരട്ടിക്കായാലും ശർക്കര പന്തളം ഫാമിലെ തന്നെ. പന്തളം കരിമ്പുവിത്തുൽപ്പാദന കേന്ദ്രത്തിലുണ്ടാക്കുന്ന ശർക്കര ഇവിടെയുള്ള കൗണ്ടറിൽനിന്നും വാങ്ങാം.
ഫാമിന്റെ കൃഷിസ്ഥലത്ത് നല്ലയിനം കരിമ്പ് നട്ടുവളർത്തി പരിപാലിച്ച് അത് പാകമാകുമ്പോൾ വെട്ടി നീരെടുത്താണ് ശർക്കര തയ്യാറാക്കുന്നത്. കരിമ്പിൻ നീര് അരിച്ചെടുത്ത് ശുദ്ധീകരിച്ച ശേഷം ചെമ്പിലേക്ക് എത്തിക്കുന്നത് മുതൽ ശർക്കര പായ്ക്കുചെയ്യുന്നതുവരെയുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നു. ശർക്കര ഉണ്ടാക്കുന്നതിൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾ നീരാക്കാനും കുറുക്കാനുമെല്ലാം മേൽനോട്ടം വഹിക്കുന്നു. മരത്തോണിയിലേക്ക് കുറുക്കിയൊഴിക്കുന്ന പാനി തണുത്ത് മണൽ പരുവത്തിലായാൽ പിന്നീട് പായ്ക്കറ്റുകളിലാക്കും.
മറയൂർ ശർക്കര മുതൽ മറുനാട്ടിൽ നിന്നെത്തുന്ന ശർക്കര വരെ മാർക്കറ്റിൽ ഇടം പിടിച്ചു തുടങ്ങിയിട്ടും കൃഷി വകുപ്പിന്റെ ഫാമിൽ തയ്യാറാക്കുന്ന ശർക്കരയ്ക്ക് എന്നും ആവശ്യക്കാരേറെ.
കൃഷി വകുപ്പിന്റെ കടയ്ക്കാട് കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിൽ പതിയൻ ശർക്കര മാത്രമാണ് ഇത്തവണ തയാറാക്കിയിട്ടുള്ളത്. കിലോയ്ക്ക് 140 രൂപ നിരക്കിൽ വിത്തുൽപ്പാദന കേന്ദ്രത്തിലെ കൗണ്ടറിലൂടെ 11 മുതൽ വിപണനം ആരംഭിക്കും.
11 ഏക്കറിലാണ് ഇത്തവണ കരിമ്പ് കൃഷി നടത്തിയത്. പന്നി ശല്യം രൂക്ഷമായതിനാലും കടുത്ത വേനലിന് ശേഷമുണ്ടായ ഇടവിട്ടുള്ള മഴയും ഉൽപ്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഈ ഓണക്കാലത്ത് 2.5 ടൺ ശർക്കര ഉൽപ്പാദനമാണ് പ്രതീക്ഷിക്കുന്നത്. ഒരു ടൺ കരിമ്പിൽ നിന്നു 500 ലീറ്റർ ജ്യൂസാണ് തയാറാക്കുക. ഇതിൽനിന്ന് 60 മുതൽ 65 കിലോ വരെ ശർക്കര തയ്യാറാക്കുന്നു. കരിമ്പിൻ ചണ്ടി വിറകിനൊപ്പം ഇന്ധനമായി ഉപയോഗിക്കുന്നു. തമിഴ്നാട്ടിൽ നിന്നുള്ള പരിചയസമ്പന്നരായ തൊഴിലാളികളെ കരാർ വ്യവസ്ഥയിൽ നിയമിച്ചാണ് ശർക്കര തയ്യാറാക്കുന്നതെന്ന് പന്തളം ഫാമിലെ കൃഷി ഓഫീസർ യു എസ് അർച്ചന പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..