23 December Monday

കത്ത്‌ മികച്ചത്‌...ഇനീം എഴുതണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024
ഏഴംകുളം 
വർഷങ്ങളായി കത്തുകളെഴുതി മികച്ച കത്തിനുള്ള പുരസ്‌കാരം നേടിയൊരാളുണ്ട്‌... ഏഴംകുളം മോഹൻകുമാർ. എഴുതിയ കത്തുകൾക്ക്‌ അഭിനന്ദനവും വീണ്ടുമെഴുതാനുള്ള പ്രോത്സാഹനവും ലഭിച്ചത്‌ മികച്ച എഴുത്തുകാരിൽനിന്ന്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ മാത്രം അച്ചടിച്ചുവന്ന കത്തുകളുടെ എണ്ണം 1500ലേറെ. ഇ–-മെയിലിലോ സമൂഹ മാധ്യമങ്ങൾ വഴിയോ അഭിപ്രായം എഴുതിയിട്ടില്ല. എല്ലാം തപാൽ വഴി. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും സമാന്തര പ്രസിദ്ധീകരണങ്ങളും മിനി മാസികകളും ഇതിൽപ്പെടും.
തീരെ ചെറുപ്പത്തിൽ സംസ്ഥാനത്തിനുപുറത്ത് ജോലി ചെയ്തിരുന്ന അമ്മാവൻമാർക്ക് മാസത്തിൽ രണ്ടു കത്തുവീതം അയയ്ക്കുമായിരുന്നു. കോളേജ് പഠനം കഴിഞ്ഞപ്പോൾ സഹപാഠികൾക്ക് വർഷങ്ങളോളം കത്തെഴുതി. സ്കൂൾ കാലഘട്ടം മുതൽ കത്തെഴുത്ത് ഒരു ശീലമായിരുന്നെങ്കിലും സജീവമായത് 2010 മുതലാണ്. അതിനായി ആറ് മുഖ്യധാരാവാരികകളും മാസികകളും സ്ഥിരം വാങ്ങിയിരുന്നു. തപാൽ വഴി ലഭിച്ചിരുന്ന പ്രസിദ്ധീകരണങ്ങൾ മാസത്തിൽ ഇരുപതിലേറെ വരുമായിരുന്നു. ഒരേസമയം ആറ് മുഖ്യധാരാവാരികകളിൽ വരെ കത്തുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 
സാഹിത്യം, ചരിത്രം. സാംസ്കാരികം, സാമൂഹികം എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതലും കത്തെഴുതിയിട്ടുള്ളത്. വിഷയത്തെ ഗൗരവമായി മാത്രമേ സമീപിക്കൂ. വിവരങ്ങൾ വസ്തുതാപരമായിരിക്കും. പുതുതായി പറയാനുണ്ടെങ്കിലേ എഴുതുകയുള്ളു. വിമർശനത്തിനായി മാത്രം എഴുതാറില്ല. ചില കാര്യങ്ങൾക്കായി പല ഗ്രന്ഥങ്ങളും റഫർ ചെയ്യേണ്ടതായി വരും.
ആനുകാലികങ്ങളിലെ കത്തെഴുത്ത്‌ സാഹിത്യകാരന്മാരുമായി പരിചയപ്പെടാനിടയായി. പ്രതികരണം കാണുമ്പോൾ ലേഖകരും കഥാകൃത്തുക്കളും സന്തോഷം അറിയിക്കും. അച്ചടിച്ച രചനകളെപ്പറ്റി കത്തെഴുതാൻ നിർബന്ധിച്ച എഴുത്തുകാരുമുണ്ട്. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ബന്ധം പ്രതിഫലിക്കുന്നത് ഇത്തരം കത്തുകളിലൂടെയാണ്. കഥ, നോവൽ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിൽ അമ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്‌. ആകാശവാണിയിലും നിരവധി കഥകൾ അവതരിപ്പിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top