ചിറ്റാർ
കൊടും വനത്തിൽ കുഞ്ഞുങ്ങളും കുടുംബവുമായി കുടിലുകളിൽ കഴിയുന്ന മഞ്ഞത്തോട്ടിലെ കാടിന്റെ മക്കൾക്ക് രാവെന്നോ പകലെന്നോ ഇല്ലാതെ സുരക്ഷാ കവചം തീർക്കുന്നത് ഒരു പറ്റം നായ്ക്കളാണ്. ഇവർ മഞ്ഞത്തോടിന്റെ "സെക്യൂരിറ്റി ഫോഴ്സ്'.
പെരുനാട് പഞ്ചായത്തിലെ ളാഹയ്ക്ക് സമീപം വനത്തിനുള്ളിൽ 2018 -–-2019 കാലത്ത് വനാവകാശ നിയമപ്രകാരം ഒരേക്കർ മുതൽ മുകളിലേക്ക് ഭൂമി നൽകി 48 കുടുംബങ്ങൾ പാർക്കുന്ന ആദിവാസി പ്രകൃതി. ചാലക്കയം ഭാഗത്ത് ഉൾവനത്തിൽ താമസിച്ചിരുന്നവരാണിവർ. ഈ പ്രദേശത്ത് ആന, പന്നി, കുരങ്ങ്, പുലി തുടങ്ങിയ കാട്ടുമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. രാത്രി ചെറിയ അനക്കം കേട്ടാൽ വലിയ ശബ്ദത്തിൽ കുരച്ചുകൊണ്ട് സംഘം ചേരുന്ന നായ്‌ക്കൾ കുടിലുകളിൽ കഴിയുന്ന ജീവനുകൾക്ക് നൽകുന്ന പരിരക്ഷ വിലമതിക്കാനാവാത്തതാണ്.
പലപ്പോഴും നായ്ക്കളുടെ കുര കേട്ട് കുടിലുകളുടെ പുറത്തിറങ്ങി നോക്കുന്ന വീട്ടുകാർ ആനയെ ഉൾപ്പെടെ കണ്ടിട്ടുണ്ടെന്ന് ഇവിടുത്തെ താമസക്കാരിലൊരാളായ രാജു പറഞ്ഞു. കാട്ടുമൃഗങ്ങളെ വിരട്ടി ഓടിക്കുന്നതു മാത്രമല്ല പരിചയമില്ലാത്ത ആരും ഈ മേഖലയിൽ കടന്നു വരാനും നായ്ക്കൾ അനുവദിക്കില്ല. ശബരിമല സീസണിൽ തേനും കുന്തിരിക്കവും പൊന്നംപൂവും മറ്റും ശേഖരിക്കാൻ ആഴ്‌ചകളോളം കുടിലു വിട്ട് ഉൾവനങ്ങളിൽ പോകുമ്പോഴും നായ്ക്കൾ ഇവർക്കൊപ്പമുണ്ടാകും. ഓരോ കുടിലിലും ഏറ്റവും കുറഞ്ഞത് നാല് നായ്ക്കളുണ്ട്. തങ്ങളുടെ കുടുംബാംഗങ്ങളെ പോലെ പരിരക്ഷയും സ്‌നേഹവുമാണ് വീട്ടുകാർ ഇവർക്കുനൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..