21 November Thursday

235 പേര്‍ക്ക് പട്ടയം

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024
പത്തനംതിട്ട 
ഭൂമിയുടെ അവകാശം ഉറപ്പാക്കുന്ന പട്ടയ വിതരണത്തിന് ജില്ലയില്‍ വീണ്ടും ഒരുക്കമായി. എൽഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടത്തുന്ന നാലാമത്തെ പട്ടയമേളയാണ് 17ന് തിരുവല്ലയില്‍ നടക്കുക. ആകെ 235 പട്ടയം തിരുവല്ലയില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജന്‍ വിതരണം ചെയ്യും.  
വനാവകാശ പട്ടയമടക്കമാണ് വിതരണം ചെയ്യുക. റാന്നി മണ്ഡലത്തിലെ മഞ്ഞത്തോട് ആദിവാസി കോളനിയിലെ 17 കുടുംബങ്ങള്‍ക്കാണ് വനാവകാശ പട്ടയം നല്‍കുക. മാസങ്ങള്‍ക്ക് മുമ്പ് 20 കുടുംബത്തിന് ഇവിടെ വനാവകാശ പട്ടയം നല്‍കിയിരുന്നു. വനാവകാശപട്ടയത്തിന് പുറമെ എല്‍എ, എല്‍ടി പട്ടയവും ഉള്‍പ്പെടും. 
ജില്ലയില്‍ പട്ടയമേളയല്ലാതെ തന്നെ നവകേരള സദസ്സുമായി ബന്ധപ്പെട്ടും അടൂരില്‍ വില്ലേജ് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ചുമെല്ലാം നിരവധി പേര്‍ക്ക് പട്ടയം നല്‍കിയിരുന്നു. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുകയെന്നതാണ് ഇടതുപക്ഷ സര്‍ക്കാര്‍ നയം. കോന്നി മണ്ഡലത്തില്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിക്കാത്തത് കാരണം കുറെ പേര്‍ക്ക് പട്ടയം അനുവദിക്കാനാവുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഭാ​ഗത്തുനിന്ന് ചെയ്യേണ്ടതെല്ലാം ഇക്കാര്യത്തില്‍ പൂര്‍ത്തിയായി. അഡ്വ. കെ യു ജനീഷ്കുമാര്‍ എംഎല്‍എ നേരിട്ട് പലതവണ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പിടിവാശി കൊണ്ട് മാത്രമാണ് ഈ മേഖലയിലെ അര്‍ഹരായവര്‍ക്ക് പട്ടയ വിതരണത്തിന് തടസ്സം നേരിടുന്നത്. സംസ്ഥാന വനംവകുപ്പുമായി വ്യക്തത വരുത്താനുള്ള മേഖലകളില്‍ ഡിജിറ്റല്‍ സര്‍വ്വേ നടത്തി പട്ടയ വിതരണത്തിൽ ആധികാരികത ഉറപ്പാക്കുന്ന നടപടികളും അതിവേ​ഗം പുരോ​ഗമിക്കുകയാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top