21 November Thursday
ശബരിമല

തീർഥാടക വാഹനങ്ങൾ വഴിയിൽ തടയില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

 പത്തനംതിട്ട

ശബരിമല മണ്ഡല മകരവിളക്ക്‌ കാലത്ത്‌ ഇത്തവണ തീർഥാടന വാഹനങ്ങൾ വഴിയിൽ തടഞ്ഞിടുന്ന സാഹചര്യം ഉണ്ടാകില്ലെന്ന്‌ കലക്‌ടർ എസ്‌ പ്രേം കൃഷ്‌ണൻ. തിരക്ക്‌ നിയന്ത്രിക്കാനുള്ള നടപടികൾ ഇതിനകം സ്വീകരിച്ചു. അതിനാൽ വാഹനങ്ങൾ റോഡിൽ തടയില്ലെന്ന്‌ കലക്‌ടർ പറഞ്ഞു. പത്തനംതിട്ട പ്രസ്‌ ക്ലബിൽ നടന്ന ശബരിമല  സുഖദർശനം സംവാദ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു കലക്‌ടർ. നിലയ്ക്കലിൽ 10,000 വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെറുവാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഇടത്താവളങ്ങളിലും പാർക്കിങ്‌ ഒരുക്കും.
 ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം മുൻകൂട്ടി അറിയാനാവുന്ന സംവിധാനം ഇത്തവണ ഒരുക്കിയിട്ടുണ്ട്‌. ഇതുമൂലം തിരക്ക്‌ ഫലപ്രദമായി നിയന്ത്രിക്കാനാവും. കൂടാതെ മോട്ടോർ വാഹന വകുപ്പ് ഇലവുങ്കലിൽ വാഹനങ്ങളുടെ എണ്ണമെടുക്കുന്നുണ്ട്‌. ഇതിലൂടെ എത്ര വാഹനങ്ങൾ പാർക്ക്‌ ചെയ്‌തിട്ടുണ്ട്‌, എത്രയെണ്ണം കടന്നുപോയി എന്ന്‌ മനസ്സിലാക്കി വേണ്ട ക്രമീകരണങ്ങൾ ഒരുക്കും.
ശബരിമല സംബന്ധിച്ച എല്ലാ വിവരങ്ങളും വാട്‌സാപ്പ്‌ വഴി അറിയാനുള്ള സംവിധാനം ഇത്തവണ മുതൽ ആരംഭിക്കും. ആറ്‌ ഭാഷകളിൽ സേവനം ലഭ്യമാകും. ഉടൻ തന്നെ പുതിയ സംവിധാനം പ്രവർത്തനമാരംഭിക്കും. ശബരിമല, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ശുചീകരണത്തിന്‌ പരിശീലനം നൽകിയ 1000 തൊഴിലാളികളെ നിയോഗിച്ചു. സന്നിധാനത്ത് 300, പമ്പയിൽ 210, നിലയ്ക്കൽ 450 വീതം തൊഴിലാളികളാണ് ശുചീകരണം നടത്തുക. ഇവരെ സൂപ്പർവൈസർമാർ നിയന്ത്രിക്കും. ആഴ്ചയിലൊരിക്കൽ എഡിഎം പരാതി കേൾക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യും. ശുചീകരണ തൊഴിലാളികൾക്ക് പ്രത്യേക യൂണിഫോം നൽകും. നാല് എമർജൻസി ഓപ്പറേഷൻ സെന്ററുകളിലായി 21 അംഗങ്ങളെ നിയോഗിക്കും. മെഡിക്കൽ എമർജൻസിക്കായി പരിശീലനം നേടിയ സിവിൽ ഡിഫൻസ് വളന്റിയർമാരെ നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ വിന്യസിക്കും.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങൾ കൂടാതെ ഇടത്താവളങ്ങളിലും ഭിക്ഷാടനം നിരോധിച്ച്‌ ഉത്തരവിറങ്ങി. വടശേരിക്കര മുതൽ പമ്പ വരെ പുകയില നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഭക്ഷണ സാധനങ്ങളുടെ വിലവിവര പട്ടിക പ്രസിദ്ധീകരിച്ചു. ആരോഗ്യ, ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോളജി വകുപ്പുകൾ സംയുക്തമായി കടകളിൽ പരിശോധന നടത്തും. 
ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ നിലയ്ക്കലിൽ ലാബ് സജ്ജമാക്കിയിട്ടുണ്ട്. വീഴ്ച വരുത്തുന്ന കടയുടമകൾക്ക് ഫൈനുൾപ്പെടെ കർശന നടപടി സ്വീകരിക്കും. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും കലക്‌ടർ പറഞ്ഞു. തീർഥാടന കാലത്ത് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം നടത്തുന്ന എഡിഎം അരുൺ എസ് നായർ, ഡപ്യൂട്ടി കലക്ടർ രാജലക്ഷ്മി എന്നിവരും പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top