23 December Monday

ചിറ്റാറിൽ ജില്ലാ ആശുപത്രിക്ക്‌ ടെൻഡറായി

ടി കെ സജിUpdated: Tuesday Nov 12, 2024
ചിറ്റാർ
ചിറ്റാറിൽ  സ്പെഷ്യലിറ്റി ജില്ലാ ആശുപത്രി നിർമാണം പൊതുമരാമത്ത് വകുപ്പ്  ടെൻഡർ ചെയ്തതായി  അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. 26നാണ് ടെൻഡർ തുറക്കുന്നത്‌. പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിൽ 32 കോടി രൂപ ചെലവിൽ  അത്യാധുനിക സംവിധാനങ്ങളുള്ള സ്ത്രീകളുടെയും കുട്ടികളുടെയും  ജില്ലാ സ്പെഷ്യൽ ആശുപത്രിയാണ് നിർമിക്കുന്നത്. അഞ്ചു നിലകളയായി  ക്രമീകരിച്ചിരിക്കുന്ന ആശുപത്രി കെട്ടിടം  മൂന്ന് ഘട്ടങ്ങളിലായാണ്  നിർമിക്കുക.
ആശുപത്രിയുടെ ആദ്യഘട്ട നിർമാണത്തിന് ഏഴ്‌ കോടിരൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭ്യമായത്. 
ആദ്യഘട്ടത്തിൽ പതിനൊന്നായിരം ചതുരശ്ര അടി വിസ്തീർണമുള്ള  രണ്ടു നിലകളാണ് നിർമിക്കുക. ഗ്രൗണ്ട് ഫ്ലോറിൽ കാഷ്വാലിറ്റി, ഹെൽപ്പ് ഡെസ്ക്, ഗൈനക്ക് ഒ പി റൂമുകൾ, പീഡിയാട്രിക് ഒ പി റൂമുകൾ , ഡോക്ടേഴ്സ് റൂമുകൾ, നഴ്സുമാരുടെ വിശ്രമമുറികൾ, ഫീഡിങ് റൂം, അനസ്തേഷ്യ മുറി, ഫാർമസി, കൂട്ടിരിപ്പുകാർക്കുള്ള മുറി, ശുചിമുറികൾ എന്നിവയാണ് ക്രമീകരിച്ചത്. ഒന്നാം നിലയിൽ എമർജൻസി ഓപ്പറേഷൻ തിയേറ്റർ, അനസ്തേഷ്യ മുറി, സെപ്റ്റിക്ക്   ലേബർ റൂം, ഒന്ന്, രണ്ട്, മൂന്ന് സ്റ്റേജ് ലേബർ റൂമുകൾ, ഡോക്ടേഴ്സ് റൂമുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, പോസ്റ്റ് ഓപ്പറേറ്റ് വാർഡ്, ജനറൽ വാർഡ്, പോസ്റ്റ് ഓപ്പറേറ്റ്  ഐ സി യു, ഗൈനക്ക് ഐസിയു , സെപ്റ്റിക്ക് ഐസിയു, മോഡുലാർ തിയേറ്റർ, ഫാർമസി, നഴ്സിങ് സ്റ്റേഷൻ, പോസ്റ്റിനേറ്റൽ വാർഡ് വെയിറ്റിങ് ഏരിയ, ശുചി മുറികൾ, കൂട്ടിരിപ്പുകാർക്കുള്ള കാത്തിരിപ്പ്‌ കേന്ദ്രം, സ്റ്റയർ റൂമുകൾ, തുടങ്ങിയവയാണ്  ഉൾപ്പെടുത്തിയിരിക്കുന്നത്. 
തുടർന്നുള്ള രണ്ട്, മൂന്ന് ഘട്ടങ്ങളിലായുള്ള നിർമാണങ്ങൾക്ക്‌  നബാർഡിൽ  നിന്നും തുക ലഭിക്കാനുള്ള അപേക്ഷ സമർപ്പിച്ചു. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണെന്നും എംഎൽഎ അറിയിച്ചു. 2021ൽ  അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ ശ്രമഫലമായി പത്തനംതിട്ട ജില്ലയ്ക്ക്  ചിറ്റാറിൽ അമ്മയും കുഞ്ഞും സ്പെഷ്യൽ ജില്ലാ ആശുപത്രി സർക്കാർ അനുവദിക്കുന്നത്. പ്രവാസി വ്യവസായി ഡോ. വർഗീസ് കുര്യന്റെ  ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ ഭൂമി  സൗജന്യമായി ആശുപത്രി നിർമിക്കുന്നതിനായി ലഭ്യമാക്കിയിരുന്നു. എന്നാൽ സ്വകാര്യ ഭൂമി  നടപടിക്രമങ്ങൾ പാലിച്ച്  റവന്യൂ ഭൂമിയാക്കി ആരോഗ്യവകുപ്പിന് കൈമാറുന്നതിൽ  നിയമപരമായ കാലതാമസം ഉണ്ടായി. തുടർന്ന് മന്ത്രിസഭാ യോഗം  ചേർന്ന് ഭൂമി ആരോഗ്യവകുപ്പിന്  നൽകുകയായിരുന്നു. 
ഏഴു കോടി രൂപയ്ക്ക് ആദ്യഘട്ടം ടെൻഡർ ചെയ്ത നിർമാണം കരാർ നൽകി വേഗത്തിൽ ജോലികൾ ആരംഭിക്കാൻ ആവശ്യമായ  നടപടി സ്വീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top