പത്തനംതിട്ട
ഏഴുവയസ്സുള്ള ഇരട്ട പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ കേസിൽ കുളനട കുറിയാനിപ്പള്ളിൽ ആശാഭവൻ വീട്ടിൽ ശിവദാസന് (67) 55 വർഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കാതിരുന്നാൽ ഏഴുവർഷം അധിക തടവും അനുഭവിക്കണം.
പത്തനംതിട്ട ഫാസ്‌റ്റ് ട്രാക്ക് ജഡ്ജ് ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. 2023ൽ പ്രതി പെൺകുട്ടികളുടെ വീട്ടിൽ അതിക്രമിച്ചു കടക്കുകയും കുട്ടികളോട് വെള്ളം ആവശ്യപ്പെടുകയും ചെയ്‌തു. തുടർന്ന് ടിവി കണ്ടുകൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടികളുടെ വീടുമായി മുൻപരിചയമുണ്ടായിരുന്ന പ്രതി കുട്ടികളുടെ അച്ഛൻ സമീപ വീട്ടിലെ വീട്ടുടമസ്ഥനുമായി സംസാരിച്ചു നിൽക്കുന്നത് മനസ്സിലാക്കി.
കുട്ടികളുടെ അമ്മ വീട്ടിലില്ലെന്നും മനസ്സിലാക്കി വീട്ടിൽ അതിക്രമിച്ചു കടക്കുകയായിരുന്നു. കുട്ടികളുടെ അച്ഛൻ വീട്ടിലെത്തിയപ്പോൾ കർട്ടനുപിന്നിൽ ഭയന്ന് ഒളിച്ചിരിക്കുന്ന കുട്ടികളെ കണ്ടു. തുടർന്ന് ഇലവുംതിട്ട പൊലീസിൽ അറിയിക്കുകയായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ പെൺകുട്ടികളുടെ രണ്ടുപേരുടെയും മൊഴി പ്രത്യേകമായി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്‌തു. കേസന്വേഷിച്ചത് ഇലവുംതിട്ട ഇൻസ്പെക്ടർ ദീപുവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..