പത്തനംതിട്ട
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതുവേഗം കൈവരിക്കാൻ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന നൂറുദിന കർമ പരിപാടിയിൽ ജില്ലയും മുന്നേറുന്നു. പിണറായി വിജയൻ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം പ്രഖ്യാപിച്ച നാലാം നൂറുദിന കർമ പരിപാടിയിൽ ജില്ലയിൽ യാഥാർഥ്യമാകുന്നത് കോടികളുടെ പദ്ധതികൾ.
കഴിഞ്ഞ 15ന് പ്രഖ്യാപിച്ച നാലാമത് കർമ പരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വിഭാഗത്തിന് കീഴിൽ 20 കോടിയുടെ കെട്ടിടങ്ങൾ ജില്ലയിൽ ഉയരും. തിരുവല്ല താലൂക്ക് ആശുപത്രിയിൽ 15 കോടിയുടെ പുതിയ ഒപി ബ്ലോക്കും അടൂരിൽ അഞ്ച് കോടിയുടെ ഓഫീസ് ബ്ലോക്കുമാണ് നിർമിക്കുക. രണ്ട് കെട്ടിടങ്ങളുടെയും നിർമാണ ഉദ്‌ഘാടനം ഉടൻ നടക്കും.
നൂറുദിന കർമപരിപാടിയിൽ ജില്ലയിൽ ഇത്തവണ 2062.61 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. 15 വകുപ്പുകളിലായി 27 പദ്ധതികൾ. ജൂലൈ 15 മുതൽ ഒക്‌ടോബർ 22 വരെ നീളുന്ന 100 ദിവസത്തിൽ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്‌ഘാടനവും പുതിയ പദ്ധതികളുടെ നിർമാണ ഉദ്‌ഘാടനവും നടത്തും. പൊതുമരാമത്ത് വകുപ്പിന് കീഴിൽ 2,006 കോടിയുടെ പദ്ധതികളാണുള്ളത്. ഇവയിൽ പൂർത്തിയാക്കിയ റോഡുകളുടെ ഉദ്‌ഘാടനം ഉടൻ ഉണ്ടാകും.
15 കോടിയുടെ
ഒപി ബ്ലോക്ക്
തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഒ പി ബ്ലോക്ക് നിർമാണത്തിന് മുന്നോടിയായി ടെൻഡർ നടപടികൾ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. ടെൻഡർ സമർപ്പിക്കാനുള്ള സമയം 19ന് അവസാനിക്കും. പദ്ധതിയുടെ നിർമാണ ഉദ്‌ഘാടനം നൂറ് ദിവസത്തിനുള്ളിൽ നടക്കും.
15 കോടി ചെലവിൽ മൂന്ന് നിലകളിലായി 32,000 ചതുരശ്ര അടിയിലാണ് പുതിയ ഒപി ബ്ലോക്കിന്റെ നിർമാണം. 10,200 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് ഓരോ നിലയും. മൂന്നാം നിലയുടെ മുകൾ ഭാഗം റൂഫ് ചെയ്യുന്നത് ഉൾപ്പെടെ അടങ്ങുന്നതാണ് പദ്ധതി. കെട്ടിട നിർമാണം, ഇലക്‌ട്രിക്കൽ ജോലികൾ, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവയ്‌ക്ക് എല്ലാം കൂടിയാണ് തുക. ഒന്നാം നിലയിൽ ഒപി മുറി, എക്‌സ് റേ, സ്‌കാനിങ്, വെയിറ്റിങ് ഏരിയ തുടങ്ങിയവയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. രണ്ടാം നിലയിൽ ഡോക്‌ടർ റൂം, നഴ്‌സ് മുറി, വിവിധ വിഭാഗങ്ങളുടെ പരിശോധന മുറികൾ എന്നിവയും മൂന്നാം നിലയിൽ വിശ്രമ മുറി, വയോമിത്ര മുറി, ലാബ്, ഡൈനിങ് റൂം, കിച്ചൺ എന്നിവയും ഉൾപ്പെടുന്നു. കൂടാതെ ഒന്നാം നിലയിൽ നിന്ന് നിലവിലുള്ള ഐപി ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന പാലവും നിർമിക്കും.
പിഡബ്ല്യൂഡി
കോംപ്ലക്‌സിന് 5 കോടി
അടൂരിൽ അഞ്ച് കോടി ചെലവിൽ ഇരു നിലകളിലായി പുതിയ പിഡബ്ല്യൂഡി കോംപ്ലക്‌സിന് നിർമിക്കും. 19,800 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടമാണ് നിർമിക്കുക. ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. കരാർവച്ച ശേഷം നിർമാണ ഉദ്‌ഘാടനം നടക്കും. പൊതുമരാമത്ത് വിഭാഗം ഓഫീസുകൾക്കായാണ് പുതിയ കെട്ടിടം. ആദ്യത്തെ നിലയിൽ പിഡബ്ല്യൂഡി റോഡ് വിഭാഗം അടൂർ സബ് ഡിവിഷൻ ഓഫീസ് സെക്ഷൻ ഓഫീസുകൾ എന്നിവയാകും ഉണ്ടാവുക. രണ്ടാം നിലയിൽ പിഡബ്ല്യൂഡി കെട്ടിട വിഭാഗം അടൂർ സബ് ഡിവിഷൻ ഓഫീസും സെക്ഷൻ ഓഫീസുകളുമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..