25 November Monday

അമ്പോ...ദേ പോണെടാ 
റോക്കറ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

സാറേ അടിപൊളി സൂപ്പർ... ദേശീയ ബഹിരാകാശ ദിനാചരണത്തിന്റെ ഭാഗമായി വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഐഎസ്ആർഒ ഒരുക്കിയ പ്രദർശനം കാണാനെത്തിയ വിദ്യാർഥികൾക്ക് റോക്കറ്റിന്റെ പ്രവർത്തനം മനസ്സിലാക്കാൻ കുപ്പിയിൽ വെള്ളം നിറച്ച് അതിൽ സൈക്കിൾ പമ്പ് ഉപയോഗിച്ച് കാറ്റടിച്ച ശേഷം മുകളിലേക്ക് വിടുന്ന ഉദ്യോഗസ്ഥർ

റാന്നി
വാട്ടർ റോക്കറ്റ്‌ മുകളിലേക്ക്‌ കുതിച്ചപ്പോൾ കുഞ്ഞൻകണ്ണുകളിൽ കൗതുകം നിറഞ്ഞു. റോക്കറ്റുകളുടെ ചെറുരൂപങ്ങൾ കണ്ടതും സംശയങ്ങൾ വിടർന്നു. അത്‌ വാ തോരാതെ ചോദിച്ചു. ബഹിരാകാശമെന്ന്‌ കേട്ടതും ഇന്റർനെറ്റിൽ കണ്ടതുമല്ലാതെ നേരിൽ ഇതൊന്നും കാണാനാവുമെന്ന്‌ വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾ കരുതിയതേയില്ല. 
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താനും ബഹിരാകാശ വിക്ഷേപണങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനുമാണ്‌ ഐഎസ്ആർഒ അധികൃതർ സ്കൂളിൽ പ്രദർശനം നടത്തിയത്‌. വിദ്യാർഥികളുമായി സംവാദവും സ്പേസ് ഓൺ വീൽസ് എക്സിബിഷനും വാട്ടർ റോക്കറ്റ് വിക്ഷേപണവും നടന്നു.
ദേശീയ ബഹിരാകാശ ദിനാചരണത്തിന്റെ ഭാഗമായിരുന്നു പ്രദർശനം. ഇതുകാണാൻ മറ്റു സ്കൂളുകളിൽ നിന്നുള്ള കുട്ടികളുമെത്തി. ചന്ദ്രയാൻ മിഷൻ, മംഗൾയാൻ, ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിന്റെ മാതൃക, ബഹിരാകാശ പേടകത്തിന്റെ മാതൃക, കൃത്രിമോപകരണങ്ങൾ, ഇന്ത്യയുടെ ബഹിരാകാശ പേടകങ്ങൾ ഇന്ത്യയുടെ റോക്കറ്റുകളുടെ ചെറുരൂപങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിരുന്നു. പ്രത്യേക ബസ്സിലാണ് ഇവയെല്ലാം വടശ്ശേരിക്കരയിലെത്തിച്ചത്.  
ഐഎസ്ആർഒ ഗ്രൂപ്പ് ഡയറക്ടർമാരായ എസ് സുനിൽ, ഷിബു മാത്യു, ശാസ്ത്രജ്ഞരായ കിരൺ മോഹൻ, പ്രജിത് കുമാർ, ജി ജവഹർ, ടി കെ മനോജ്, പി എസ് സന്ധ്യ, ഐഐഎസ്ടി അസോസിയേറ്റ് പ്രൊഫസർ ഡോ. ജിജി അലക്സ് എന്നിവർ പങ്കെടുത്ത് വിശദീകരണം നൽകി. വടശ്ശേരിക്കര പഞ്ചായത്തംഗം ജോർജുകുട്ടി വാഴപ്പിള്ളത്ത്  ഉദ്ഘാടനം ചെയ്തു. ട്രൈബൽ വകുപ്പ് സീനിയർ സൂപ്രണ്ട് കെ ശശിധരൻ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ ജി സുന്ദരേശൻ, ഹെഡ്മിസ്ട്രസ് റെജീന ആർ രാജം, ഹോസ്റ്റൽ മാനേജർ പി വൈ സുനീഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top