22 December Sunday

പോരാളിക്ക് 
വിട

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

പത്തനംതിട്ട

വിപ്ലവ നായകന്റെ ഓർമകൾ പങ്കിടാൻ പത്തനംതിട്ടയ്ക്കും ഏറെ.  സിപിഐ എമ്മിന്റെ അമരക്കാരന്‍ സീതാറാം യെച്ചൂരി ജില്ലയിൽ ഏറ്റവും ഒടുവിൽ എത്തിയത് കഴിഞ്ഞ പാർലമെന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു. 2024 ഏപ്രിൽ 19 വെള്ളിയാഴ്‌ച  കോന്നിയിൽ  നടന്ന പൊതുയോഗമാണ് യെച്ചൂരി ജില്ലയിൽ പങ്കെടുത്ത അവസാന  പൊതുപരിപാടി. സംസ്ഥാനത്താകെ തിരക്കിട്ട പ്രചാരണത്തിൽ  രാവിലെ ചാലക്കുടിയിലെ പൊതുയോഗത്തിനു ശേഷമാണ് ദീർഘയാത്രയ്ക്കുശേഷം കോന്നിയിൽ യെച്ചൂരി എത്തിയത്. കോന്നി ചന്ത മൈതാനത്തിൽ തടിച്ചു കൂടിയ  ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. രാജ്യത്ത്  മതനിരപേക്ഷത  ഉയർത്തിപ്പിടിക്കേണ്ടതിന്റെ  പ്രാധാന്യം ആവർത്തിച്ച് പറഞ്ഞാണ്  മടങ്ങിയത്. 2021 ൽ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ൽ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തുമാണ് അതിനു മുമ്പ്  ജില്ലയിൽ പ്രചാരണത്തിന് യെച്ചൂരി എത്തിയത്. വിദ്യാർഥി  സംഘടനാ പ്രവർത്തനം മുതൽ  തുടങ്ങി പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ എത്തിയ അമരക്കാന്റെ പ്രസം​ഗം  ശ്രവിക്കാൻ എന്നും ആബാലവൃദ്ധം ജനങ്ങൾ  തടിച്ചുകൂടുമായിരുന്നു. 

മലയാളം അറിയില്ലെന്ന്  പറഞ്ഞായിരുന്നു  മിക്കപ്പോഴും   പ്രസംഗം  തുടങ്ങിയിരുന്നത്. സ്വദേശം തെലുങ്കാണെന്നും പറയുമായിരുന്നു. എന്നാൽ യെച്ചൂരിയുടെ   വളരെ ലളിതമായ ഇംഗ്ലീഷ് പ്രയോഗങ്ങൾ  ഏതൊരു സാധാരണക്കാരനും പെട്ടെന്ന് മനസ്സിലാക്കാൻ ആവും വിധത്തിലായിരുന്നു.   പ്രസം​ഗത്തിൽ പ്രത്യേക  കയറ്റിറക്കങ്ങളോ ഉയർച്ച താഴ്ചകളോ ഇല്ലായിരുന്നെങ്കിലും   ആശയവ്യക്തത കൃത്യമായിരുന്നു.  സാധാരണക്കാർക്ക് വളരെ  പെട്ടെന്ന്   ആ പ്രസം​ഗ ശൈലിയുമായി താദാത്മ്യത്തിന്  പ്രയാസം നേരിടാറുമില്ല.  

തൊഴിലാളി വർ​ഗത്തിന്റെ  കർമ ധീരനായ പോരാളിക്ക് വിടയേകുകയാണ്‌ പത്തനംതിട്ടയും. വ്യാഴാഴ്ച വെെകിട്ട് ജില്ലയിലെമ്പാടും മൗനജാഥയും അനുശോചന യോഗങ്ങളും ചേർന്നു. പാർടി ഓഫീസുകളിൽ പതാക താഴ്ത്തിക്കെട്ടി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top