18 September Wednesday

ഓണം കളറാക്കി കുടുംബശ്രീ

ശരൺ ചന്ദ്രൻUpdated: Friday Sep 13, 2024
 
പത്തനംതിട്ട 
ഓണ നാളുകൾ വർണാഭമാക്കി കുടുംബശ്രീ സംസ്ഥാന ഓണം വിപണന മേള. ജില്ലയുടെ ഇത്തവണത്തെ ഓണാഘോഷത്തിന്‌ കൂടുതൽ പകിട്ട്‌ നൽകിയിരിക്കുകയാണ്‌ വിപണന മേള. വയനാട്‌ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ആർഭാടമില്ലെങ്കിലും ഇതിനകം ജനങ്ങളുടെ പ്രീതി നേടി മുന്നേറുകയാണ്‌ മേള. മൂന്ന്‌ നാൾ പിന്നിട്ട മേളയിൽ നിരവധിയാളുകളാണ്‌ ഓരോ ദിവസവും കടന്ന്‌ വരുന്നത്‌. എത്തുന്നവർ സാധനങ്ങൾ വാങ്ങിയും ആഘോഷങ്ങളിൽ പങ്കാളികളായും സന്തോഷത്തോടെയാണ്‌ പോകുന്നത്‌. പത്തനംതിട്ട പഴയ പ്രൈവറ്റ്‌ ബസ്‌സ്റ്റാൻഡിൽ നടക്കുന്ന മേള 14ന്‌ സമാപിക്കും. വിപുലമായ ക്രമീകരണങ്ങളാണ്‌ മേളയിൽ ഒരുക്കിയിരിക്കുന്നത്‌. 45ൽ അധികം വ്യത്യസ്‌ത സ്റ്റാളുകളാണ്‌ മേളയിൽ എത്തുന്നവരെ കാത്തിരിക്കുന്നത്‌. അത്തപ്പൂക്കളം ഒരുക്കാനുള്ള നാടൻ പൂക്കൾ മുതൽ വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ഭക്ഷ്യ വസ്‌തുക്കൾ തുടങ്ങിയവയെല്ലാം മേളയിൽ ലഭ്യം. രുചിയുടെ പെരുമ വിളിച്ചോതി കുടുംബശ്രീ ഫുഡ്‌കോർട്ടും മേളയിലുണ്ട്‌. കൂടാതെ അംഗങ്ങളുടെയും പ്രശസ്‌ത കലാകാരൻമാരുടെയും വിവിധ കലാ പരിപാടികളും മേളയ്‌ക്ക്‌ കൊഴുപ്പേകുന്നു.
100 തരം അച്ചാറുകൾ, 101 തരം ഉപ്പേരികൾ
ഭക്ഷ്യ വസ്‌തുക്കളും വിവിധ നിത്യോപയോഗ സാധനങ്ങളും തുണിത്തരങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങളാൽ മേളയിൽ സജീവമാണ്‌. ഓണം ആഘോഷമാക്കാനുള്ള എല്ലാ സാധനങ്ങളും മേളയിലുണ്ട്‌. വിവിധ കുടുംബശ്രീ സംരംഭകർ ഉണ്ടാക്കിയ 100 തരം വ്യത്യസ്‌ത അച്ചാറുകൾ മേളയുടെ മുഖ്യ ആകർഷണമാണ്‌. മുളം കൂമ്പ്‌, വാഴപ്പിണ്ടി, വാഴച്ചുണ്ട്‌, പാഷൻ ഫ്രൂട്ട്‌ തുടങ്ങിയ വ്യത്യസ്‌ത അച്ചാറുകൾ ഇവിടെ ലഭിക്കും. കൂടാതെ ഉണങ്ങിയതും ഉണങ്ങാത്തതുമായ പഴവർഗങ്ങളുടെ അച്ചാറും സുലഭം. 101 തരം വ്യത്യസ്‌ത ഉപ്പേരികൾ വിൽക്കുന്ന സ്റ്റാളാണ്‌ മറ്റൊന്ന്‌. എത്തയ്‌ക്കായ്‌ക്ക്‌ പുറമെ പടവലങ്ങയും പാവയ്‌ക്കയും ബീറ്റ്‌റൂട്ടും അടക്കമുള്ള വ്യത്യസ്‌ത ഉപ്പേരികളാണ്‌ ഇവിടെ വിൽപ്പന. ഓണക്കാലമായതിനാൽ ശർക്കര വരട്ടി, ഉപ്പേരി, കളിയടക്ക തുടങ്ങിയവ ധാരാളമായും വിൽപ്പനയ്‌ക്കുണ്ട്‌. കുടുംബശ്രീയുടെ ബ്രാൻഡഡ്‌ ഉൽപ്പന്നങ്ങൾ മാത്രം വിപണനം ചെയ്യുന്ന പ്രത്യേക സ്റ്റാൾ തന്നെ മേളയിൽ ഉണ്ട്‌. വിവിധ സംഘങ്ങൾ വിളയിച്ച കാർഷിക വിഭവങ്ങൾ, പച്ചക്കറി എന്നിവയും ഒരുക്കിയിരിക്കുന്നു. 
പൂക്കളും 
വിലക്കുറവിൽ
കുടുംബശ്രീ യൂണിറ്റുകൾ വിരിയിച്ച പൂക്കൾക്കായി മേളയിൽ പ്രത്യേക സ്റ്റാൾ ഒരുക്കിയിട്ടുണ്ട്‌. ജില്ലയിലെ കർഷകർ തന്നെ കൃഷിചെയ്ത ബന്തി, ജമന്തി, ചെണ്ടുമല്ലി, വാടാമുല്ല തുടങ്ങിയ പൂക്കൾ ആവശ്യാനുസരണം വാങ്ങാനുള്ള സൗകര്യം ഇവിടെയുണ്ട്. മറ്റ്‌ പൂ വിപണിയേക്കാൾ തീർത്തും കുറഞ്ഞ വിലയിൽ പൂക്കൾ ഇവിടെ നിന്ന്‌ ലഭിക്കും. ഓണനാളുകളിൽ ആവശ്യമായതെന്തും മേളയിൽ നിന്ന്‌ വാങ്ങാം. കൂടാതെ അട്ടപ്പാടിയുടെ രുചി വൈവിധ്യം വിളമ്പുന്ന പ്രത്യേക സ്റ്റാൾ ഫുഡ്‌ കോർട്ടിലുമുണ്ട്‌. പേരുകേട്ട വനസുന്ദരി ചിക്കനും ഊരു കാപ്പിയും അടക്കം രുചിഭേദങ്ങൾ അനുഭവിക്കാനുള്ള അവസരം കൂടിയാണ്‌ കുടുംബശ്രീ സംസ്ഥാന ഓണം വിപണന മേള ഒരുക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top