പത്തനംതിട്ട
ജില്ലയിൽ വെള്ളിയും ശനിയും അതിശക്ത മഴയ്ക്ക് (റെഡ് അലർട്ട്) സാധ്യത. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കലക്ടർ എസ് പ്രേംകൃഷ്ണൻ. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാമേഖലകളിൽ ക്യാമ്പുകൾ തുറക്കാൻ നിർദേശം നൽകി. അവശ്യസ്ഥലങ്ങളിൽ മൈക്കിലൂടെ വിവരം കൈമാറണം. ആളുകളെ സ്ഥിതിഗതി വിലയിരുത്തി മാറ്റി പാർപ്പിക്കണം.
കോന്നി, റാന്നി, അടൂർ, കോഴഞ്ചേരി താലൂക്കുകളിലായി 44 ക്യാമ്പുകൾ സജ്ജീകരിച്ചു. ഇവിടേക്ക് ആളുകളെ മാറ്റാൻ നിർദേശം നൽകി. ഇതോടൊപ്പം പ്രാദേശികമായ അടിയന്തര സാഹചര്യം വിലയിരുത്തിയും ആളുകളെ മാറ്റി പാർപ്പിക്കാനാണ് തീരുമാനം.
18 വരെ എല്ലാ ക്വാറികളുടേയും പ്രവർത്തനം, മലയോരത്ത് മണ്ണ് വെട്ടിമാറ്റൽ, ആഴത്തിലുള്ള കുഴിക്കൽ, മണ്ണുമാറ്റൽ എന്നിവ നിരോധിച്ചു. ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര വൈകിട്ട് ഏഴുമുതൽ രാവിലെ ആറുവരെ നിരോധിച്ചു. തൊഴിലുറപ്പ് ജോലികൾ, വിനോദസഞ്ചാരത്തിനായി കുട്ടവഞ്ചി, കയാക്കിങ്, ബോട്ടിങ്, ട്രെക്കിങ് എന്നിവയും നിരോധിച്ചു. 18 വരെയാണ് നിരോധനം. പമ്പ ത്രിവേണിയിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ നദികളിൽ ഇറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും നിരോധിച്ചു. പമ്പ ത്രിവേണിയിൽ തീർഥാടകർ നദികളിൽ ഇറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും നിരോധിക്കുന്നത് സംബന്ധിച്ച് സ്ഥിഗതികൾ വിലയിരുത്തി തീരുമാനമെടുക്കാൻ ശബരിമല എഡിഎമ്മിനെ ചുമതലപ്പെടുത്തി.
ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രിയാത്ര ജാഗ്രതയോടെ വേണമെന്ന് നിർദേശം നൽകിയിട്ടുമുണ്ട്. മണിയാർ അണക്കെട്ടിന്റെ ഷട്ടറുയർത്തേണ്ട സാഹചര്യം നിലനിൽക്കെ മണിയാർ, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികൾ ജാഗ്രത പാലിക്കണം. നദികളിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുമുണ്ട്.
ഗവി ഗേറ്റ് അടച്ചു
ചിറ്റാർ
ഗവിയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ഗ്രൂഡ്രിക്കൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അശോക് അറിയിച്ചു. ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. റെഡ് അലർട്ട് തീരുന്ന മുറയ്‌ക്ക് സഞ്ചാരികൾക്ക് പ്രവേശനം നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..