പത്തനംതിട്ട
സംസ്ഥാന സർക്കാരിന്റെ ‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി ജില്ലയിലും വിളയും ആയിരക്കണക്കിന് മുറം പച്ചക്കറികൾ. ഓണക്കാലത്തെ പച്ചക്കറി ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ ജില്ലയിലുടനീളം ഹെക്‌ടർ കണക്കിന് ഭൂമിയിലാണ് കൃഷി. കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള നടപടികളാണ് കൃഷി വകുപ്പ് നടപ്പാക്കിയത്.
ഓണക്കാലത്ത് പച്ചക്കറി കൃഷി 290 ഹെക്‌ടറിലേയ്‌ക്ക് വ്യാപിപ്പിക്കാനുള്ള ഇടപെടലുകളാണ് വകുപ്പ് ഏറ്റെടുത്തത്. 134 ഹെക്‌ടറിൽ കൃഷി ആരംഭിച്ചു. ആകെ 300 ഹെക്‌ടറിന് മുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്.
ഇത്തവണ 3,500ഓളം മെട്രിക് ടൺ പച്ചക്കറി ജില്ലയിൽ വിളയിക്കാനാകും എന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം ഓണക്കാലത്ത് 249 ഹെക്‌ടറിലായിരുന്നു പച്ചക്കറി കൃഷി. 2,988 മെട്രിക് ടൺ വിളവും ലഭിച്ചു. കഴിഞ്ഞ വർഷമാകെ 2,964 ഹെക്‌ടറിലാണ് ജില്ലയിൽ പച്ചക്കറി കൃഷി ഉണ്ടായിരുന്നത്.
കൃഷി വ്യാപിപ്പിക്കാനാവശ്യമായ മുഴുവൻ സഹായങ്ങളും കൃഷി വകുപ്പ് മുഖേന കർഷകർക്ക് അരികിലെത്തി. വിത്തുകളും സങ്കരയിനം തൈകളും സൗജന്യമായി നൽകി. 10 രൂപ വില വരുന്ന രണ്ട് ലക്ഷം പായ്‌ക്കറ്റ് വിത്തുകളാണ് കൃഷിഭവനുകൾ മുഖേന സൗജന്യമായി വിതരണം ചെയ്‌തത്. മൂന്ന് രൂപ വില വരുന്ന 2,29,000 സങ്കരയിനം തൈകളും 2.50 രൂപ വില വരുന്ന 2,50,000 തൈകളും വിതരണം ചെയ്‌തു.
സർക്കാർ സാമ്പത്തിക സഹായവും കർഷകർക്ക് നൽകുന്നുണ്ട്. പന്തലുള്ള കൃഷിക്ക് ഹെക്‌ടറിന് 25,000 രൂപയും പന്തലില്ലാത്ത കൃഷിക്ക് ഹെക്‌ടറിന് 20,000 രൂപയുമാണ് സർക്കാർ സഹായം. ഓണക്കാല കൃഷിക്ക് ശേഷം അടുത്ത സീസണിലേയ്‌ക്ക് 100 രൂപ വരുന്ന 5,000 പായ്‌ക്കറ്റ് സങ്കരയിനം വിത്തുകളും സൗജന്യമായി വിതരണം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..