ആറന്മുള
മണ്ണിൽ ആദ്യാക്ഷരം കുറിച്ച കാലം പലരും മറന്നു. സ്‌ളേറ്റിലേക്കും ബുക്കിലേക്കും പിന്നെ ഡിജിറ്റൽ യുഗത്തിലേക്കും അറിവിന്റെ വാതായനം തുറന്നപ്പോൾ നിലത്തിരുന്ന് മണ്ണിൽ ആദ്യാക്ഷരം കുറിക്കുന്നത് ഒരു പഴങ്കഥയായി മാറി. ലോകം വിരൽത്തുമ്പിൽ എത്തി നിൽക്കുമ്പോഴും അമ്മിണി ആശാട്ടി അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നത് നിലത്തിരുന്നാണ്. മണ്ണിൽ തെളിയുന്ന മലയാള അക്ഷരം നോക്കി കുരുന്നുകൾ മോണകാട്ടി ചിരിക്കുമ്പോൾ ആശാട്ടിയുടെ കണ്ണുകൾ നിറയും. ആശാട്ടി അങ്ങനെയാണ് സന്തോഷം വന്നാൽ ഉടനെ കണ്ണ് നിറയും. ആറന്മുള നീർവിളാത്ത് കിഴക്കേ വീട്ടിൽ അമ്മിണി ആശാട്ടി പതിനാലാം വയസിൽ തുടങ്ങിയതാണ് കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നത്. വയസ് 77 ആയെങ്കിലും കുട്ടികളെ വിട്ടൊരു ജീവിതം ഇല്ല. കാലചക്രത്തിൽ പല ആശാൻ പള്ളിക്കുടങ്ങളും മൺമറഞ്ഞെങ്കിലും അമ്മിണി ആശാട്ടിയുടെ ആശാൻ പള്ളിക്കുടം ഇപ്പോഴും സജീവം. നീർവിളാകം പുഞ്ചയുടെ ഓരത്തു കുറിച്ചിമുട്ടം കാണിക്കമണ്ഡപത്തിന് സമീപമുള്ള ഒറ്റമുറി കെട്ടിടത്തിൽ നിലത്തിരുന്ന് കുട്ടികളെ പഠിപ്പിക്കുന്നത് പലർക്കും ഇന്നൊരു കൗതുക കാഴ്ചയാണ്.
മണ്ണിൽ അക്ഷരം എഴുതി പഠിപ്പിക്കുന്നത് കൂടാതെ പനയോലയിൽ നാരായം കൊണ്ടെഴുതിയും കുട്ടികൾക്ക് നൽകും. ഏകദേശം 13 പനയോലകൾ കൊണ്ട് കുട്ടികളുടെ അടിസ്ഥാന പഠനം പൂർത്തിയാകുമെന്ന് ആശാട്ടി പറയുന്നു. ഒപ്പം എ മുതൽ ഇസഡ് വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങളും പഠിപ്പിക്കും. രാവിലെ 10 മുതൽ മൂന്ന് വരെയാണ് ക്ലാസ്.
സ്വന്തം വീടായ റാന്നി വലിയ കുളത്തും വിവാഹ ശേഷം നീർവിളാകത്തും പലസ്ഥലങ്ങളിൽ കുട്ടികൾക്ക് അക്ഷരം പകർന്ന് നൽകി. കുറിച്ചിമുട്ടത്ത് കൂട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയിട്ട് ഇരുപത്തിയഞ്ചു വർഷത്തിലധികമായി. ഇതിനകം നൂറുകണക്കിന് കുട്ടികളെ എഴുത്തിനിരുത്തി. നാല് പതിറ്റാണ്ട് മുൻപ് അമ്മിണി ആശാട്ടി ആദ്യാക്ഷരം കുറിച്ചവർ അവരുടെ മക്കളുമായി വിജയദശമി ദിനത്തിൽ എഴുത്തിനിരുത്താൻ എത്തിയപ്പോൾ ആശാട്ടിയുടെ കണ്ണ് നിറഞ്ഞു. അത് അങ്ങനെയാണ് സന്തോഷം വന്നാൽ....
ഇരുപത്തിയഞ്ചാം വയസിൽ ഭർത്താവ് മരിച്ചു. ഏകമകൾ രാധാമണിയോടൊപ്പമാണ് നീർവിളാകത്ത് താമസം. മകളെ വളർത്തിയതും പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചതും എല്ലാം കുട്ടികൾക്ക് അക്ഷരം പറഞ്ഞു കൊടുത്തതിലൂടെയാണെന്ന് അമ്മിണി സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിന്റെ പലകോണുകളിലുള്ള ശിഷ്യരാണ് അമ്മിണി ആശാട്ടിയുടെ സമ്പത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..