14 November Thursday

"നമ്മളെത്തും മുന്നിലെത്തും' ഇത്തവണയും

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

ജില്ലാ പഞ്ചായത്തിന്റെ "നമ്മളെത്തും മുന്നിലെത്തും' പദ്ധതിയുടെ ഭാഗമായി നടത്തിയ ശിൽപ്പശാല ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആർ അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട  
ജില്ലയിലെ ഹയർസെക്കൻഡറി വിജയശതമാനം മെച്ചപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വർഷം നടപ്പാക്കിയ "നമ്മളെത്തും മുന്നിലെത്തും' പദ്ധതി ഈ വർഷവും നടപ്പാക്കും. ഇതിനായി അധ്യാപകരുടെ ശിൽപ്പശാല നടത്തി. മൂന്നുവർഷമായി നടപ്പാക്കുന്ന പദ്ധതി കഴിഞ്ഞ വർഷം വിജയം കണ്ടെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വിലയിരുത്തൽ. ഹയർസെക്കൻഡറി പരീക്ഷാഫലത്തിന്റെ കാര്യത്തിൽ 14–--ാം സ്ഥാനത്തായിരുന്ന ജില്ല കഴിഞ്ഞ വർഷമാണ് ആദ്യമായി പത്താം സ്ഥാനത്തെത്തിയത്.  
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പ്രത്യേക പഠനസഹായികൾ വിതരണം ചെയ്തു. എളുപ്പത്തിൽ ഈ വിഷയങ്ങൾ പഠിക്കാന്‍ ലളിതമായ നോട്ടുകളാണ് വിദഗ്ധരായ 60 അധ്യാപകർ തയ്യാറാക്കിയത്.
ഇംഗ്ലീഷ്, ഇക്കണോമിക്സ്, കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജോഗ്രഫി, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങൾക്കാണ് രണ്ടാം വർഷക്കാർക്ക് ലളിതമായ പഠനസാമഗ്രികൾ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാംവർഷക്കാർക്ക് 15 എണ്ണം കൂടാതെ ഹിന്ദി, മലയാളം വിഷയങ്ങൾക്കും പഠനസഹായി തയ്യാറാക്കിയിട്ടുണ്ട്. 
ഏഴ് വർഷം മുമ്പ് രണ്ടാം വർഷക്കാർക്കായി തയ്യാറാക്കിയ പഠന സാമഗ്രികളിൽ ആവശ്യമായ തിരുത്തലുകളും കൂട്ടിചേർക്കലുകളും വരുത്താന്‍ അടൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ശിൽപ്പശാല നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍   ആർ  അജയകുമാർ ഉദ്ഘാടനം ചെയ്തു.  
ഹയർസെക്കൻഡറി  ജില്ലാ കോ ഓർഡിനേറ്റർ സജി വറുഗീസ് അധ്യക്ഷനായി. ആർ  ഡി ഡി  വി കെ അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ്  കോ ഓർഡിനേറ്റർ സി ബിന്ദു, അക്കാദമിക് കോ ഓർഡിനേറ്റർ അടൂർ ഗവ. ബോയ്സ് സ്കൂൾ അധ്യാപകൻ പി ആർ ഗിരീഷ് എന്നിവർ  സംസാരിച്ചു. ഡിസംബർ അവസാനത്തോടെ  ജില്ലയിലെ എല്ലാ സ്കൂളുകളിലും ആവശ്യമായ പുസ്തകങ്ങൾ സൗജന്യമായി അച്ചടിച്ചു വിതരണം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top