റാന്നി
കുടുംബശ്രീ ജില്ലാ മിഷൻ നടത്തിയ "സാരി ചലഞ്ചിന്റെ 'ഭാഗമായി കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയ സാരി ക്യാരി ബാഗിന്റെ ആദ്യവിതരണം റാന്നി വളയനാട്ട് ഓഡിറ്റോറിയത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെയും വ്യവസായ, നിയമ മന്ത്രി പി രാജീവിന്റെയും സാന്നിധ്യത്തില്‍ നടന്നു. കുടുംബശ്രീ അംഗങ്ങൾ ക്യാരി ബാഗുകള്‍ ജില്ലാ ശുചിത്വ മിഷനു കൈമാറി. മാലിന്യ മുക്ത നവകേരള യജ്ഞത്തിന്റെ ഭാഗമായാണ് സാരി ക്യാരി ബാഗുകളുടെ വിതരണം നടത്തുന്നത്. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, കലക്ടർ എസ് പ്രേം കൃഷ്ണൻ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
കുടുംബശ്രീ ജില്ലാ മിഷനും സ്റ്റേറ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്നാണ് ക്യാരി ബാഗുകളുടെ ആദ്യ സെറ്റ് വിതരണം നടത്തുന്നത്. തീർഥാടകർക്ക് 50,000 ഓളം തുണി സഞ്ചികൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം. സ്റ്റേറ് ബാങ്ക് ഓഫ് ഇന്ത്യയാണ് പദ്ധതിക്ക് ആവശ്യമായ നാലര ലക്ഷം രൂപ നൽകുന്നത്.
ചെങ്ങന്നൂർ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ശുചിത്വമിഷൻ കൗണ്ടറുകൾ കേന്ദ്രീകരിച്ചാണ് തുണി സഞ്ചികള്‍ വിതരണം ചെയ്യുക. കുടുംബശ്രീ അംഗങ്ങൾ ഓരോ വീടും സന്ദർശിച്ച് സാരിയും ഷോളും ശേഖരിച്ച് കുടുംബശ്രീ സ്റ്റിച്ചിങ് യൂണിറ്റുകൾ വഴി ക്യാരിബാഗുകളായി മാറ്റുകയായിരുന്നു. ഏകദേശം 15ഓളം യൂണിറ്റുകളിൽ നിന്നായി 80ലധികം അംഗങ്ങൾക്ക് തൊഴിലും ലഭ്യമാകുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..