കോന്നി
മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ തോരാതെ പെയ്യുന്ന മഴ മലയോര മേഖലയെ ഭീതിയിലാഴ്‌ത്തുന്നു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ചെറുമഴയാണെങ്കിലും നിലയ്ക്കാതെ പെയ്യുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഈ നിലയിൽ മഴ പെയ്ത സമയങ്ങളിലെല്ലാം വെള്ളപ്പൊക്കമുണ്ടാകുകയും മലയോര നിവാസികൾ ദുരിതത്തിലാകുകയും ചെയ്ത അനുഭവമാണുള്ളത്.
രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ അച്ചൻകോവിലാറിന്റെ ഇരുകരകളും പലയിടത്തും ഇടിഞ്ഞ് ആറ്റിലേക്ക് താഴ്‌ന്നിട്ടുണ്ട്. കൃഷിയും വ്യാപകമായി നശിച്ചു. ഈ നില തുടർന്നാൽ തീരവാസികൾക്ക് കനത്ത നാശനഷ്ടങ്ങളാണുണ്ടാവുക.
അച്ചൻകോവിലിൽ കനത്ത മഴ പെയ്യുന്നതാണ് ഇവിടെ ജലനിരപ്പുയരാൻ കാരണമായത്. പ്രദേശത്തെ ഉൾവനത്തിൽ ഉരുൾപൊട്ടൽ സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാൽ, ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
അച്ചൻകോവിലാറിന്റെ തീരത്തെ വനം വകുപ്പിന്റെ തേക്കുതോട്ടങ്ങളും ഭീഷണി നേരിടുന്നു. തിട്ട ഇടിയുന്നതുമൂലം വൻ തേക്കുമരങ്ങൾ ആറ്റിലേക്ക് കടപുഴകി വീഴാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം വലിയ തോതിൽ മരങ്ങൾ അച്ചൻകോവിലാറ്റിലൂടെ ഒഴുകി പോകുന്നുണ്ടായിരുന്നു. ഇതിലൊരു മരം സഞ്ചായത്ത് കടവ് പാലത്തിന്റെ തൂണിൽ തട്ടി നിൽക്കുന്നുണ്ട്.
വെള്ളിയാഴ്ച അച്ചൻകോവിലാറിന്റെ തീരപ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. രാത്രിയിലും മഴ തുടർന്നാൽ ഗതാഗത തടസ്സവും ഉണ്ടാകും. കോന്നി താലൂക്കിലെ 20 പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. റവന്യൂ വകുപ്പ് ഈ പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. രാത്രിയും പകലും വിദഗ്‌ധർ ഉൾപ്പെട്ട സംഘങ്ങൾ ഇവിടെ പട്രോളിങ് നടത്തും.
അച്ചൻകോവിൽ, കോന്നി മേഖലകളിലെ ഉൾവനങ്ങളിൽ തുടർച്ചയായി മുൻവർഷങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. ഇത് വനാന്തര ഭാഗങ്ങളിൽ വൻ നാശനഷ്ടത്തിന് ഇടയാക്കിയിരുന്നെങ്കിലും പുറംലോകത്തേക്ക് ഇതിന്റെ ഭീകരത എത്തിയിരുന്നില്ല. മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന, പൊലീസ്, റവന്യൂ അധികൃതർ എന്നിവർ സ്ഥിതി വിലയിരുത്തുന്നുണ്ട്. വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും കൺട്രോൾ റൂമുകൾ തുറന്നേക്കും.
തീരത്തുള്ളവർ ജാഗ്രത പാലിക്കണം
പത്തനംതിട്ട
ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി സ്‌റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കലക്ടർ എസ് പ്രേം കൃഷ്ണൻ. നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽനിന്ന് മാറി താമസിക്കാൻ തയ്യാറാകണമെന്നും അറിയിച്ചു.
മണിക്കൂറുകൾ നീളുന്ന മഴ
കാലം തെറ്റിയുള്ള മഴ കോന്നിയുടെ കാലാവസ്ഥയിൽ വലിയ വ്യതിയാനം ഉണ്ടാക്കിയിട്ടുണ്ട്. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന തോരാമഴയാണ് ഉരുൾപൊട്ടലിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കോന്നി വില്ലേജിലെ പൊന്തനാംകുഴി ഹരിജൻ കോളനി, സീതത്തോട് വില്ലേജിലെ ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ, ചിറ്റാർ വില്ലേജിലെ മണക്കയം എന്നിവയാണ് അതീവജാഗ്രതാ പ്രദേശങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളിൽ മുൻവർഷങ്ങളിൽ ഉരുൾപൊട്ടി വൻ നാശനഷ്ടം ഉണ്ടായിരുന്നു. സീതത്തോട് വില്ലേജിലെ സീതക്കുഴി, തേക്കുംമൂട്, മൂന്നുകല്ല്, ചിറ്റാർ വില്ലേജിലെ മീൻകുഴി, വയ്യാറ്റുപുഴ, അരുവാപ്പുലം വില്ലേജിലെ മുറ്റാക്കുഴി, മുതുപേഴുങ്കൽ, അയന്തിമുരുപ്പ്, മ്ലാന്തടം, ക്വാറിമുരുപ്പ്, കൊല്ലൻപടി, പനനിൽക്കുംമുകളിൽ, കരിങ്കുടുക്ക, കല്ലേലി വെള്ളികെട്ടി, ഊട്ടുപാറ മിച്ചഭൂമി എന്നിവിടങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുണ്ട്.
രാത്രി യാത്രകൾക്ക് നിരോധനം
ഉരുൾപൊട്ടിലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും പുറമെ അച്ചൻകോവിലാറിന്റെ തീരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും അധികൃതർ നൽകും. തീരദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. വേഗത്തിൽ വെള്ളം കറയാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ആവശ്യമെങ്കിൽ മാറ്റി പാർപ്പിക്കാനും തീരുമാനമുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..