ആറന്മുള
പത്രവായന പൊതു വിജ്ഞാനം വർധിപ്പിക്കാനും മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാനും ഉപകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വി അജിത് പറഞ്ഞു. വായന കൈവിടരുത്. പഠനത്തോടൊപ്പം വായനയും കുട്ടികൾ ശീലമാക്കണം. വായനയിലൂടെയും എഴുത്തിലൂടെയും മാത്രമെ മനുഷ്യന് പൂർണനാകാൻ കഴിയു, ദിവസവും നിർബന്ധമായും കുട്ടികൾ പത്രം വായിക്കണം. അക്ഷരമുറ്റം സ്കൂൾ മത്സരത്തിന്റെ ജില്ലാ ഉദ്‌ഘാടനം കിടങ്ങന്നൂർ എസ്‌വിജിവിഎച്ച്‌എസ് സ്കൂളിൽ നിർവഹിക്കുകയായിരുന്നു പൊലീസ് മേധാവി. ബുധനാഴ്ച സ്കൂള്‍ തലത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ ആയിരക്കണക്കിന് കുട്ടികളാണ് പങ്കെടുത്തത്. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായിരുന്നു മത്സരം. സംസ്ഥാനത്തൊന്നാകെ പകൽ രണ്ടിന് മത്സരം തുടങ്ങി. വിവിധ മേഖലകളിലായി അറുനൂറിലധികം സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. സ്കൂള്‍ മത്സര വിജയികള്‍ 28ന് ജില്ലയിലെ 11 സബ്ജില്ലാ കേന്ദ്രത്തില്‍ നടക്കുന്ന സബ്ജില്ലാ മത്സരത്തില്‍ പങ്കെടുക്കും. ജില്ലാ മത്സരം ഒക്ടോബര്‍ 19ന് അടൂരിലാണ്.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡി ഷൈനി അധ്യക്ഷയായി. സ്കൂൾ മാനേജർ മാതാ കൃഷ്‌ണാനന്ദ പൂർണിമാമയി മുഖ്യപ്രഭാഷണം നടത്തി. അക്കാദമിക് കമ്മിറ്റി ചെയർമാൻ ബിനു ജേക്കബ് നൈനാൻ പരിപാടി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജൂലി ദിലീപ്, സ്കൂൾ പ്രധാനാധ്യാപിക എസ് മായലക്ഷ്മി, കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേഷ്, കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് എ കെ പ്രകാശ്, പിടിഎ പ്രസിഡന്റ് സി ജി പ്രദീപ്കുമാർ, സ്റ്റാഫ് സെക്രട്ടറി ജ്യോതിഷ് ബാബു എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ തോമസ് ഐപ്പ് സ്വാഗതവും അക്ഷരമുറ്റം ജില്ലാ കോ ഓർഡിനേറ്റർ ആർ രമേശ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..