അടൂർ
തുലാവർഷം കനക്കുമ്പോൾ സംസ്ഥാന പാതയായ കെ പി റോഡരികിലെ മരങ്ങൾ അപകടക്കെണിയാകുന്നു. പറക്കോട് മുതൽ പഴകുളം വരെ റോഡിന്റെ ഇരുവശവുമുള്ള പഴക്കം ചെന്ന തണൽ വൃക്ഷങ്ങളാണ് അപകട ഭീഷണി ഉയർത്തുന്നത്. ഇവിടെ മരക്കൊമ്പുകൾ പലതും റോഡിലേക്ക് ചാഞ്ഞ് നിൽക്കുകയാണ്. കൊമ്പുകൾ മുറിച്ച് നീക്കിയില്ലെങ്കിൽ മഴയും കാറ്റുമുള്ളപ്പോൾ ഇവ ഒടിഞ്ഞ് വീണ് വാഹനയാത്രികർക്ക് അപകടം സംഭവിക്കാം.
ഇരുചക്രവാഹന യാത്രക്കാർക്കാണ് കൂടുതൽ ഭീഷണി. മിക്ക മരങ്ങളുടെയും ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി
ചുവട്ടിലെ വേര് തെളിഞ്ഞ് കാണാം. കഴിഞ്ഞയാഴ്‌ച രാത്രി അടൂർ പൊതുമരാമത്ത് വിഭാഗം റസ്റ്റ്ഹൗസിന് സമീപം കൂറ്റൻ മരം രാത്രി ഏറെ തിരക്കുള്ളതും സംസ്ഥാന പാതയുമായ കെ പി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കി ഗതാഗത തടസ്സം നീക്കുകയായിരുന്നു. വൈദ്യുതലൈനുകളും പൊട്ടിയിരുന്നു.
ചൂരക്കോട് കളത്തട്ട് ഭാഗത്ത് നേരത്തെ മരംവീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു. മിക്ക മരങ്ങളുടെയും വേര് ദ്രവിച്ച നിലയിലാണ്. കാറ്റിലും മഴയത്തും ഇവ കടപുഴകി വീഴാൻ സാധ്യത ഏറെയാണ്. അതിനാൽ ഇവ വേഗം വെട്ടിമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..