പത്തനംതിട്ട
നഗരത്തിനടുത്ത് ഞായർ രാത്രിയിൽ അടുത്തടുത്ത സ്ഥലങ്ങളിലായി രണ്ട് വാഹനങ്ങൾ തീപിടിച്ച് നശിച്ചു. വാഹനങ്ങൾക്ക് തീവച്ചതായി സംശയിക്കുന്ന ആൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. മാക്കാംകുന്ന് എവർഷൈൻ റെസിഡൻഷ്യൽ സ്‌കൂൾ പരിസരത്ത് സ്‌കൂൾ വാനും സരോജ് ഗ്യാസ് ഏജൻസിയുടെ ടെമ്പോ വാനുമാണ് കത്തിനശിച്ചത്.
ഞായർ രാത്രി 11.30ഓടെയാണ് സരോജ് ഗ്യാസ് ഏജൻസിയുടെ വാഹനം തീ കത്തുന്നതായി അറിയുന്നത്. ഗ്യാസ് ഗോഡൗണിനോട് ചേർന്നുള്ള സ്ഥലത്ത് പാർക്ക് ചെയ്‌തിരിക്കുകയായിരുന്നു വാഹനം. ഇവിടെ താമസിക്കുന്ന ഗ്യാസ് ഏജൻസിയിലെ ജീവനക്കാരാണ് വാനിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്.
പത്തനംതിട്ടയിൽനിന്ന് അഗ്നിശമന സേനയെത്തിയപ്പോഴേക്കും ജീവനക്കാരും ഗ്യാസ് ഏജൻസിയുടമയും ചേർന്ന് ഭാഗികമായി തീയണച്ചിരുന്നു. ഗ്യാസ് സിലിണ്ടറുകൾ ശേഖരിച്ചിരിക്കുന്ന ഗോഡൗൺ ഇതിന് സമീപമാണ്. വേഗം തീയണയ്ക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി.
12.45ഓടെയാണ് എവർഷൈൻ സ്‌കൂളിലെ വാനിന് തീപിടിച്ച വിവരം അറിയുന്നത്. ഉടൻ തന്നെ സേന അംഗങ്ങൾ അവിടെയെത്തി. അരമണിക്കൂറോളം എടുത്താണ് തീയണച്ചത്. സ്‌കൂൾ വാനും ഗ്യാസ് ഏജൻസിയുടെ ടെമ്പോവാനും പൂർണമായും കത്തിനശിച്ച നിലയിലാണ്. ഒരു മണിക്കൂറിനുള്ളിൽ അടുത്തടുത്ത സ്ഥലങ്ങളിൽ ഉണ്ടായ തീപിടിത്തത്തിൽ സംശയം തോന്നിയ അഗ്നിശമന സേന അംഗങ്ങൾ രാവിലെയെത്തി സ്‌കൂളിന്റെ സിസി ടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് യുവാവ് സ്‌കൂൾ പരിസരത്തേക്ക് കടന്നുകയറുന്നതും വാനിന് തീ വയ്‌ക്കുന്നതും കണ്ടത്. പൊലീസ് സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..