കോന്നി
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിപുലമായ സൗകര്യങ്ങളേർപ്പെടുത്തി ആരോഗ്യവകുപ്പ്. കഴിഞ്ഞയാഴ്ച ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന ആരോഗ്യ, ആയുഷ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ കോന്നി മെഡിക്കൽ കോളേജിനെ ശബരിമല ബേസ് ആശുപത്രിയായി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മെഡിക്കൽ കോളേജിൽ തീർഥാടകർക്കായി ശബരിമല വാർഡ് സജ്ജീകരിച്ചത്. പ്രത്യേകം 30 കിടക്കകളും അനുബന്ധ ക്രമീകരണങ്ങളും രണ്ടാം നിലയിലെ ശബരിമല വാർഡിൽ ഏർപ്പെടുത്തിയിട്ടുണ്ട്. താഴത്തെ നിലയിൽ നിലവിലെ അത്യാഹിതവിഭാഗം കൂടാതെ
പത്ത് കാഷ്വാലിറ്റിയും ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ ഇവിടെയുള്ള ഏഴ് വെന്റിലേറ്ററുകളിൽ മൂന്നെണ്ണം തീർഥാടകർക്കായി ഉപയോഗിക്കും. ഐസിയുവിലെ മൂന്ന് ബെഡും രണ്ട് വെന്റിലേറ്ററുകളും തീർഥാടകർക്കായി മാറ്റിവച്ചിട്ടുണ്ട്. വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും കൂടുതൽ ഡോക്ടർമാർ വെള്ളിയാഴ്‌ച എത്തും. ഇവർക്കുള്ള താമസ സൗകര്യവും ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. പാരാമെഡിക്കൽ സ്റ്റാഫുകളെയും നിയമിക്കും. ഫാർമസിസ്റ്റ്, നഴ്സിങ് സ്റ്റാഫ്, ലാബ് അസിസ്റ്റന്റ്, ക്ലീനിങ് എന്നിങ്ങനെ തീർഥാടനകാലത്തെ താൽക്കാലിക ജീവനക്കാരുടെ സേവനം ലഭ്യമാക്കും. 108 ആംബുലൻസുകളുടെ പ്രവർത്തന സമയം തീർഥാടനകാലത്ത് 12 മണിക്കൂറെന്നത് 24 മണിക്കൂറായി ഉയർത്തും. കൂടുതൽ ആംബുലൻസുകളുടെ സേവനം ഉറപ്പാക്കും. മെഡിക്കൽ കോളേജിലേക്കുള്ള മുരിംഗമംഗലം–വട്ടമൺ റോഡിന്റെ നിർമാണം നടക്കുയാണ്. മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്ക് തടസമുണ്ടാവാത്ത രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റഫറൽ ആശുപത്രിയായി കോട്ടയം മെഡിക്കൽ കോളേജിനെയാണ് നിശ്ചയിച്ചിട്ടുള്ളത്. കാർഡിയാക്, ന്യൂറോളജി, ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐ പി വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്.
പമ്പയിൽനിന്നുള്ള തീർഥാടകരെ കോട്ടയം മെഡിക്കൽ കോളേജിലേക്കാകും ചികിത്സയ്ക്കായി എത്തിക്കുക. ഡിഎംഒ ഓഫീസിലെ നോഡൽ ഓഫീസർ ഡോ.രതീഷ്, മെഡിക്കൽ കോളേജിലെ നോഡൽ ഓഫീസർമാരായ ഡോ. എസ് ഗിരീഷ്, ഡോ.തോമസ് ആന്റണി എന്നിവർക്കാണ് ഈ വർഷത്തെ തീർഥാടനകാലത്തെ ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..