പന്തളം
തോരാതെ പെയ്യുന്ന മഴയിൽ ചിറ്റിലപ്പാടത്ത് വിതച്ച നെൽമണികൾ മുങ്ങിയപ്പോൾ കർഷക സ്വപ്നങ്ങൾ കണ്ണീരിൽ കുതിർന്നു. പാകാൻ കുതിർത്തുവച്ച നെൽവിത്തുകൾ കിളിർത്ത് തുടങ്ങിയപ്പോൾ വെള്ളത്തിൽ മുങ്ങിയ പാടത്ത് വിതയ്‌ക്കാനാകാതെ ഹൃദയം തകർന്ന് നിൽക്കുകയാണ് ചിറ്റിലപ്പാടത്തെ 44 കർഷകർ.
142 ഏക്കർ നെൽകൃഷിയാണ് കാലം തെറ്റി വന്ന മഴയിൽ കടുത്ത പ്രതിസന്ധിയിലായത്. രണ്ട് ചാൽ പൂട്ടി കണ്ടം നിരപ്പാക്കി വിതച്ച ഭാഗങ്ങൾ മഴയിൽ മുങ്ങി. അച്ചൻകോവിലാറ്റിൽ ക്രമാതീതമായി ഉയരുന്ന വെള്ളം കൂടി കര കയറിയാൽ എന്താകുമെന്ന ആശങ്കയിലാണ് ചിറ്റിലപ്പാടത്തെ കർഷകരെന്ന് പാടശേഖരസമിതി പ്രസിഡന്റ് സുകുമാരപിള്ളയും സെക്രട്ടറി വർഗീസ് ജോർജും പറയുന്നു.
രണ്ടുചാൽ പൂട്ടി കണ്ടം നിരപ്പാക്കി 50 ശതമാനം പാടത്ത് വിത കഴിഞ്ഞ്, വരമ്പ് വെട്ടിക്കോരി അടുത്തത് വിതയ്‌ക്കാനുള്ള പാക്കണ്ടം ഒരുക്കിയപ്പോഴാണ് മഴയുടെ വരവ്. ഇത് എല്ലാം താറുമാറാക്കി. വിത്ത് കുതിർത്ത് ചാക്കിലാക്കിയപ്പോൾ വില്ലനായെത്തിയ മഴ കർഷക മനസ്സിൽ കരിനിഴൽ വീഴ്ത്തി.
കുതിർന്ന വിത്തുകൾ ഇപ്പോൾ ചാക്കിൽനിന്ന് മുറികളിലും വീടുകളുടെ ടെറസുകളിലും നിരത്തി ഉണങ്ങാനിട്ടിരിക്കുകയാണ് കർഷകർ. എന്നാൽ ഭൂരിഭാഗം വിത്തുകൾക്കും വേരിറങ്ങി. വേരുകൾ ഉണങ്ങിക്കഴിഞ്ഞാൽ ഈ വിത്തുകൾ ഉപയോഗശൂന്യമാകുമെന്ന ആശങ്കയും കർഷകയായ തങ്കമണി പങ്കുവെയ്ക്കുന്നു.
പാടത്ത് കെട്ടി നിൽക്കുന്ന വെള്ളം മാറ്റാൻ ഡീവാട്ടറിങ് സംവിധാനങ്ങളും ഇവിടെയില്ല. പെട്ടിയും പറയും വെച്ച് വെള്ളം ഒഴുക്കി മാറ്റാൻ ഏക്കറിന് 600 രൂപ ലഭിക്കുമെന്നത് പഴങ്കഥയാണെന്നും, ഇപ്പോൾ കൃഷി ഇറക്കാനും വെള്ളം മാറ്റാനും ലക്ഷങ്ങൾ കർഷകർ കൈയിൽനിന്ന് മുടക്കുകയാണെന്നും പാടശേഖര സമിതി വൈസ് പ്രസിഡന്റ് സുകുമാരപിള്ള പറയുന്നു.
കൃഷിവകുപ്പാകട്ടെ പാടം വെള്ളത്തിലായിട്ടും തിരിഞ്ഞ് നോക്കിയിട്ടില്ല. 3.5 ലക്ഷം രൂപയുടെ വിത്ത് വേണം ചിറ്റലപ്പാടത്ത് നെൽകൃഷി ചെയ്യണമെങ്കിൽ. കരിങ്ങാലിയുടെ ഭാഗമായ ചിറ്റിലപ്പാടത്താണ് പന്തളത്തെ ഏറ്റവും നല്ല വിളവെടുപ്പ് നടക്കുന്നതെന്ന് കർഷകർ പറയുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ കടുത്ത വേനലും ഇപ്പോഴത്തെ മഴയും കർഷക സ്വപ്നങ്ങൾക്ക് തിരിച്ചടിയായി.
ചിറ്റിലപ്പാടത്തെ കർഷകർക്ക് ആനുകൂല്യങ്ങളോ, നഷ്ടപരിഹാരമോ ലഭിക്കുന്നില്ല.
എംപി ഫണ്ടിൽ നിന്ന് മോട്ടോറിനായി രണ്ടുലക്ഷം രൂപ അനുവദിച്ചെന്ന് ഒരു ഘട്ടത്തിൽ പ്രഖ്യാപനം ഉണ്ടായി. എന്നാൽ അത് വെള്ളത്തിൽ വരച്ച വരയായി. എംഎൽഎ ഫണ്ടിൽ നിന്ന് ചിറ്റിലപ്പാടത്തേക്ക് മാത്രം ഒന്നും ലഭിക്കാതെ പോയെന്ന് സങ്കടപ്പെടുകയാണ് കർഷകർ. അടുത്തയാഴ്ച പ്രവചിച്ചിരിക്കുന്ന മഴ കൂടി എത്തിയാൽ ചിറ്റിലപ്പാടം കണ്ണീർ കടലാകും. ഇവിടുത്തെ കർഷക കൂട്ടായ്മയുടെ കഠിനാധ്വാനവും മഴയിൽ പാഴാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..