പത്തനംതിട്ട
സംസ്ഥാന സർക്കാരിനെതിരെ ജില്ലയിൽ വാർഡ് തലത്തിൽ നടത്താൻ നിശ്ചയിച്ച കാൽ നട ജാഥകളെ കോൺഗ്രസ് പ്രവർത്തകർ കൈവിട്ടു. ജനപങ്കാളിത്തം ഇല്ലെന്ന് മാത്രമല്ല സാധാരണ പ്രവർത്തകർ പോലും ഇല്ലാത്തതിനാൽ പല മേഖലയിലും ജാഥ തന്നെ ഉപേക്ഷിക്കേണ്ടിവന്നു. ചിലയിടത്ത് മറ്റ് വാർഡുകളിൽ നിന്ന് ആളുകളെ കൊണ്ടു വന്ന് ജാഥ നടത്തി.
കോൺഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ബുത്തു തലം വരെ അമർഷം പുകയുന്നതിന്റെ ഭാഗമാണിത്. ഏതാനും സ്ഥാപിത താൽപ്പര്യക്കാർക്ക് വേണ്ടി ജില്ലയിൽ കോൺഗ്രസിനെ ഇല്ലാതാക്കുന്ന നേതൃത്വത്തിന്റെ സമീപനത്തിരെയുള്ള അമർഷമാണിതെന്ന് ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവ് പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കമ്മിറ്റികൾ സജീവമാക്കാനാണ് വാർഡ്തലത്തിൽ വരെ ജാഥാ പരിപാടി ഇട്ടത്. ബൂത്ത് തലത്തിൽ പോലും പ്രവർത്തകരില്ലാത്ത സംഘടനാ സംവിധാനമായി പാർട്ടിയെ ജില്ലാ നേതൃത്വം ഇല്ലാതാക്കിയെന്ന് എ വിഭാഗം നേതാവ് പറഞ്ഞു.
വർഷങ്ങളായി ജില്ലയിൽ പിടി മുറുക്കിയ ഒരു നേതാവിന്റെ ചൊൽപ്പിടിക്കുമുന്നിൽ പാർട്ടിയെ ഇല്ലാതാക്കിയതിന്റെ ഫലമാണ് ജില്ലയിൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയെന്നും പേര് വെളിപ്പടെത്തരുതെന്ന് പറഞ്ഞ് നേതാവ് വ്യക്തമാക്കി.
സാധാരണ പ്രവർത്തകരില്ലെങ്കിലും ചിലർക്ക് സ്ഥാനങ്ങൾ എങ്ങനെയും നിലനിർത്തുകയെന്നതാണ് വലിയ കാര്യം. മീഡിയ മാനിയയിൽ മുഴുകിയിരിക്കുകയാണ് ഇക്കൂട്ടർ. ഒരു വിഭാഗം മാധ്യമങ്ങളിൽ മുഖം പ്രത്യക്ഷപ്പെട്ടാൽ എല്ലാം തികഞ്ഞെന്ന് കരുതുന്ന ഒരു സംഘമായി ജില്ലയിലെ കോൺഗ്രസ് നേതൃത്വം മാറി.
ഒരു ന്യായവും ഇല്ലാതെ മുൻ ഡിസിസി പ്രസിഡന്റിനെ വരെ പുറത്താക്കിയിട്ടും തെറ്റ് തിരുത്താൻ തയ്യാറാകാത്തത് ഇതിന്റെ ഭാഗമാണ്. കെപിസിസിയിൽ നിന്ന് നിർദേശം വന്നാലും അതിന് കുട്ടുനില്കക്കരുതെന്നാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.
ജില്ലയിൽ ബ്ലോക്ക് അധ്യക്ഷരെ നേരത്തെ തീരുമാനിച്ചെങ്കിലും ബ്ലോക്ക് കമ്മിറ്റികളും ചലിക്കുന്നില്ല. ജില്ലാ നേതൃത്വത്തിലെ ഇഷ്ടക്കാർക്കായി ഓരോ ബ്ലോക്കും വീതം വച്ച് നൽകുകയായിരുന്നു. അത് കൊണ്ട് തന്നെ ഇവർക്കെതിരെ താഴെത്തട്ടിൽ ശക്തമായ പ്രതിഷേധമാണ്. പാർടിയിൽ നേരത്തെ പ്രവർത്തിച്ച പാരമ്പര്യം പോലും ഇല്ലാത്തവർ വരെ ഇത്തരത്തിൽ ഭാരവാഹികളായി. അവർ പറയുന്നത് സാധാരണ പ്രവർത്തകർ അനുസരിക്കാത്ത അവസ്ഥയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..