പത്തനംതിട്ട
ജില്ലയിൽ രണ്ട് ദിവസമായി ലഭിച്ചത് കനത്ത മഴ. എല്ലാ പ്രദേശങ്ങളിലും സാമാന്യം ഭേദപ്പെട്ട നിലയിൽ മഴ ലഭിച്ചു. ശക്‌തമായ മഴയെ തുടർന്ന് നദികളിലും അണക്കെട്ടുകളിലും ജല നിരപ്പ് കാര്യമായി ഉയർന്നു. മലവെള്ളപ്പാച്ചിലിൽ റാന്നിയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. സാരമായ നാശനഷ്‌ടങ്ങൾ ജില്ലയിൽ ഉണ്ടായിട്ടില്ല. 24 മണിക്കൂറിൽ 471 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്‌തത്. പെരുന്തേനരുവിയിലാണ് കൂടുതൽ മഴ പെയ്‌തത്. 113.60 മില്ലിമീറ്റർ. മൂഴിയാറിൽ 47.2, കോന്നി എസ്റ്റേറ്റിൽ 23.8, പത്തനംതിട്ടയിൽ 42.60, നിലയ്‌ക്കലിൽ 50.2, വടശേരിക്കരയിൽ 26.4, തിരുവല്ലയിൽ 100.1 മില്ലിമീറ്റർ മഴ ലഭിച്ചു. ഞായർ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിലെ കണക്കാണിത്.
മഴ ശക്‌തമായതോടെ അണക്കെട്ടുകളിൽ ജല നിരപ്പ് ഉയർന്നു. കാലവർഷത്തിൽ കുറവ് മഴ ലഭിച്ചതിനാൽ അണക്കെട്ടുകളിൽ വെള്ളത്തിന്റെ അളവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർത്ത് കുറവായിരുന്നു. എന്നാൽ ഇപ്പോൾ ജലനിരപ്പിലെ ഗണ്യമായ കുറവ് മറികടന്നു. 971.88 മീറ്ററാണ് ഞായറാഴ്‌ചത്തെ കക്കിയിലെ ജലനിരപ്പ്. 302.94 എംസിഎം വെള്ളമാണ് അണക്കെട്ടിലുള്ളത്. സംഭരണ ശേഷിയുടെ 67.84 ശതമാനം. 26 മില്ലിമീറ്റർ മഴ അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്ത് പെയ്‌തു. 3.50 എംസിഎം വെള്ളം അണക്കെട്ടിലേയ്‌ക്ക് ഒഴുകി എത്തുന്നു. 1.29 എംസിഎം വെള്ളം വൈദ്യുതി ഉൽപാദനത്തിനായി ഒഴുക്കി കളയുന്നു. കഴിഞ്ഞ വർഷം 975.85 മീറ്ററായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 79.66 ശതമാനം.
പമ്പ അണക്കെട്ടിലെ ജലനിരപ്പ് 972.05 മീറ്ററായി ഉയർന്നു. സംഭരണശേഷിയുടെ 26.84 ശതമാനമായ 8.36 എംസിഎം വെള്ളമാണുള്ളത്. 24 മില്ലിമീറ്റർ മഴ വൃഷ്‌ടി പ്രദേശത്ത് പെയ്‌തു. 0.718 എംസിഎം വെള്ളം ഒഴുകി എത്തി. 978.55 മീറ്ററായിരുന്നു കഴിഞ്ഞ വർഷത്തെ ജലനിരപ്പ്. സംഭരണശേഷിയുടെ 56.04 ശതമാനമാണിത്. മൂഴിയാറിൽ 186.8 മീറ്ററും മണിയാറിൽ 34 മീറ്ററുമാണ് ജലനിരപ്പ്. ജില്ലയിലെ പ്രധാന നദികളായ പമ്പ, അച്ചൻകോവിൽ, മണിമലയാർ എന്നിവയിൽ എല്ലാ സ്ഥലത്തും ജലനിരപ്പ് ഉയർന്നു. പമ്പയിൽ മാരമണ്ണിലും, അച്ചൻകോവിലാറ്റിൽ കോന്നിയിലും കല്ലേലിയിലും ജാഗ്രതാ നിർദേശമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..