കൊടുമൺ
"കൊടു' എന്ന വാക്കിന് തമിഴിൽ സ്വർണം എന്നർഥം. "കൊടുമൺ' എന്നാൽ സ്വർണഭൂമി. സംഘകാല കവികളിൽ പ്രമുഖനായ കപിലർ പതിറ്റുപ്പത്ത് പത്താംപാട്ടിൽ "കൊടുമണം'എന്ന ദേശത്തു പണിത മിഴിവുറ്റ സ്വർണാഭരണങ്ങളെക്കുറിച്ച് പരാമർശിക്കുന്നു. സംഘകാലത്തോളം പഴക്കമുണ്ട് കൊടുമണ്ണിന്റെ ദേശചരിത്രത്തിന്. പഴയ കുന്നത്തൂർ താലൂക്കിലെയും (ഇപ്പോൾ അടൂർ താലൂക്ക്) പരിസര പ്രദേശങ്ങളുടെയും ചരിത്രപ്രാധാന്യം എടുത്തു കാണിക്കുന്ന രേഖകളിൽ പ്രധാനപ്പെട്ടതാണ് റോബർട്ട് സീ വെല്ലിന്റെ "ദക്ഷിണേന്ത്യൻ ലിഖിതങ്ങൾ'. ഇതിൽ ചന്ദനപ്പള്ളി, സമീപത്തുള്ള കോട്ടയുടെ അവശിഷ്ടങ്ങൾ എന്നിവയെക്കുറിച്ചും ചവറ–-പത്തനംതിട്ട റോഡിലെ "പൊന്നെടുത്താംകുഴി' എന്ന സ്ഥലനാമവും പരാമർശിക്കുന്നു. സ്വർണാഭരണങ്ങൾ പല ദേശങ്ങളിൽകൊണ്ടു വിറ്റിരുന്ന വണിക വൈശ്യ ചെട്ടികളുടെ ആസ്ഥാനമായിരുന്ന പേട്ട (തെരുവ് ) യെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.
ചന്ദനപ്പള്ളി ജങ്‌ഷനിൽനിന്ന് 300 മീറ്റർ ദൂരമേയുള്ളൂ പൊന്നെടുത്താം കുഴിയിലേക്ക്. സംഘകാലത്ത് ഇവിടെ നിന്നും സ്വർണം ഖനനം ചെയ്തിട്ടുണ്ടാവാം.
ആദി ചേരരാജാവായ ഇരുമ്പെറയുടെ ഭാര്യയ്ക്കണിയാൻ കൊടുമണത്തുചെന്ന് സ്വർണാഭരണങ്ങളും പന്തരിൽ (പന്തലായനി കൊല്ലം) പോയി ശോഭയേറിയ മുത്തുകളും കൊണ്ടുവന്ന് പുള്ളിമാനിന്റെ തോൽ വെട്ടി ഇവയെല്ലാം തുന്നിച്ചേർത്ത് ധരിക്കാൻ കൊടുത്തതായി മറ്റൊരു സംഘകാലകവി അരശിൽ കീഴാർ പറയുന്നു.
കൊടുമൺ പഞ്ചായത്തിൽ നെടുമൺകാവിൽ "നാഗം പിറന്ന കുഴി' എന്നൊരു സ്ഥലമുണ്ട്. ഇവിടെനിന്നും മുമ്പ് സ്വകാര്യ വ്യക്തികൾ "വൈഡൂര്യം' ഘനനം ചെയ്‌തിരുന്നു. സുരക്ഷിതത്വത്തെ കരുതി പഞ്ചായത്ത് ഖനനം നിരോധിച്ചിരുന്നു.
കൊടുമണ്ണിന്റെ വ്യാപാര കേന്ദ്രമായിരുന്നു അങ്ങാടിക്കൽ. ആര്യങ്കാവ് വഴി (അങ്ങാടിക്കൽ, ചന്ദനപ്പള്ളി തെരുവിലൂടെ) കടന്ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും ഇതരഭാഗങ്ങളിലേക്ക് പോകാനാവുന്ന അന്തർ സംസ്ഥാനപാത ഇതുവഴി പോയത് ഇവിടം ഒരു വാണിജ്യ കേന്ദ്രമായിരുന്നുവെന്നതിന് തെളിവാണ്.
ബുദ്ധ സംസ്കൃതിയുടെ അടയാളങ്ങളും കൊടുമണ്ണിൽ വായിച്ചെടുക്കാം. സ്ഥലനാമങ്ങൾ, ക്ഷേത്രോത്സവങ്ങൾ, ക്ഷേത്രങ്ങളോട് ചേർന്ന രോഗ ചികിത്സാ കേന്ദ്രങ്ങൾ എന്നിവ ബുദ്ധമതത്തിന്റെ ശേഷിപ്പുകളാണ്. പള്ളി ചേർന്ന് വരുന്ന അനവധി സ്ഥലങ്ങൾ കൊടുമണ്ണിലുണ്ട്. ചന്ദനപ്പള്ളി, സമീപ സ്ഥലമായ ആനന്ദപ്പള്ളി, പള്ളിയറ ദേവീ ക്ഷേത്രം തുടങ്ങിയവ ബുദ്ധമത കേന്ദ്രങ്ങളായിരുന്നു. കൊടുമൺ പള്ളിയറ ദേവീക്ഷേത്രത്തിൽ ചിലന്തിവിഷത്തിന് ചികിത്സ നൽകിയിരുന്നു.
അങ്ങാടിക്കൽ, തലയിറ പ്രദേശങ്ങളിൽനിന്ന് റോഡ് നിർമാണത്തിനിടെ കണ്ടെടുത്തിട്ടുള്ള ബുദ്ധപ്രതിമകൾ ബുദ്ധമത കാലത്തിന്റെ തെളിവുകളാണ്. ബുദ്ധന്റെ ആദ്യത്തെ 34 ഭിക്ഷുക്കളിൽ ഇരുപതാമനായ ചന്ദന്റെ സ്മരണയുണർത്തുന്ന ചന്ദനപ്പള്ളിയും ബുദ്ധന്റെ മുപ്പത്തിനാലാം ശിഷ്യനായ ആനന്ദന്റെ ഓർമയെ സൂചിപ്പിക്കുന്ന ആനന്ദപ്പള്ളിയും കൊടുമണ്ണിന്റെ ദേശപ്പെരുമയിലെ കണ്ണികളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..