പന്തളം
മണ്ഡല കാലാരംഭത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പന്തളത്ത് തീർഥാടകർക്കായി ദേവസ്വം ബോർഡ് ഉൾപ്പടെ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ സൗകര്യങ്ങൾ ഒരുക്കി തുടങ്ങി. ഈ മാസം തന്നെ പണികൾ പൂർത്തിയാക്കാനുള്ള നടപടിയുടെ ഭാഗമായാണ് നവീകരണം അടക്കം ആരംഭിച്ചിട്ടുള്ളത്. ക്ഷേത്രത്തിന് സമീപം പഴയ വിശ്രമ മന്ദിരത്തിന്റെ ഭിത്തി പൊളിച്ച് ഇവിടെ കടമുറി പണിയാനും സമീപത്തെ അന്നദാനമണ്ഡപത്തിന് താഴെ വാഹനം നിർത്തിയിടാൻ വഴിയൊരുക്കുകയുമാണ് ദേവസ്വം ബോർഡ് ചെയ്യുന്നത്. തീർഥാടകർക്ക് വേണ്ട സൗകര്യം, അന്നദാനം, വിരിവെയ്ക്കൽ, കുളിക്കടവിൽ സുരക്ഷിത വേലി കെട്ടൽ, ക്ഷേത്രത്തിന്റെ പുനരുദ്ധാരണം എന്നിവയെല്ലാം ഈ മാസം തന്നെ പൂർത്തിയാക്കണമെന്നാണ് നേരത്തെ നടന്ന തീർഥാടക അവലോകന യോഗത്തിലുയർന്ന നിർദേശം. പന്തളത്ത് മാത്രം 76.4 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് ദേവസ്വം ബോർഡ് നടത്തുന്നത്. ഇതിൽ 8.65 ലക്ഷം രൂപ പുനരുദ്ധാരണ ജോലികൾക്കും 67. 75 ലക്ഷം രൂപ പുതിയ പദ്ധതികൾക്കായുമാണ് വിനിയോഗിക്കുന്നത്.
ശൗചാലയം ശുചീകരണം, സെപ്റ്റിക് ടാങ്ക് സ്ഥാപിക്കൽ, ക്ഷേത്ര പുനരുദ്ധാരണം, പന്തൽ, മിനുക്കുപണി, തകരാറിലായ സെപ്റ്റിക് ടാങ്ക് മാറ്റിവയ്ക്കൽ, അന്നദാന മണ്ഡപത്തിന് ചുറ്റുമതിൽ നിർമാണം, തുടങ്ങിയ പണികളും ഇതോടൊപ്പം പൂർത്തിയാക്കും. കുളനട പഞ്ചായത്തിലും കുളിക്കടവ് വൃത്തിയാക്കുന്നതുൾപ്പെടെയുള്ള ജോലികളും പൂർത്തിയാക്കേണ്ടതായുണ്ട്. എന്നാൽ ഇത് പഞ്ചായത്ത് ഇതുവരെ തുടങ്ങിയിട്ടില്ലന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..