16 December Monday

മാലിന്യസംസ്‌കരണത്തിന് അതിവേ​ഗ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024
പത്തനംതിട്ട
കക്കൂസ് മാലിന്യ സംസ്‌കരണത്തിനും കമ്മ്യൂണിറ്റിതല മാലിന്യ സംസ്‌കരണത്തിനും വിപുല ആക്ഷൻ പ്ലാൻ തയ്യാറാക്കി ജില്ലാ ശുചിത്വ മിഷൻ. ഇതിനായി വിവിധയിടങ്ങളിൽ വിശദ സ്ഥലപരിശോധന നടന്നു. ശുചിത്വമിഷൻ ജില്ലാ കോ –-ഓർഡിനേറ്റർ നിഫി എസ് ഹക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥല പരിശോധന നടത്തിയത്.
സീതത്തോ‌ട് പഞ്ചായത്തിലെ കൊച്ചാണ്ടി നീലഗിരി മലയിലാണ്‌ സ്ഥലമൊരുങ്ങുന്നത്‌. നിലവിൽ ഇവിടേക്ക് ഗതാഗത സംവിധാനത്തിലെ പോരായ്‌മയാണ് വെല്ലുവിളി. ഇതിന് പരിഹാരം കാണാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് ജില്ലാ കോ–-ഓർഡിനേറ്റർ പറഞ്ഞു. ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായാൽ കൊച്ചാണ്ടി- നീലഗിരി മലയിൽ കമ്മ്യൂണിറ്റിതല മാലിന്യ സംസ്‌കരണ സംവിധാനങ്ങൾക്ക് വഴിതുറക്കും.
കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റിന് (എഫ്എസ്‌‌ടിപി) കൊടുമൺ പ്ലാന്റേഷൻ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ചന്ദനപ്പള്ളി എസ്റ്റേറ്റിനാണ് ശുചിത്വ മിഷൻ ആദ്യപരിഗണന നൽകുന്നത്. ചന്ദനപ്പള്ളി എസ്റ്റേറ്റിലും പരിശോധന  നടത്തി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ശുചിത്വമിഷൻ നേതൃത്വത്തിൽ ഊർജിതമായി പുരോഗമിക്കുകയാണ്.
സാഹചര്യങ്ങൾ അനുകൂലമായാൽ ഡിസംബറിൽ തന്നെ പദ്ധതി ഏറ്റെടുക്കാനാണ് തീരുമാനം. അടുത്ത വർഷം ആദ്യ പകുതിയോടെ നിർമാണവും തുടങ്ങാനാകും. ജില്ലാ ശുചിത്വമിഷൻ കോ–-ഓർഡിനേറ്റർക്കൊപ്പം ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (എസ്ഡബ്ല്യുഎം) ആദർശ് പി കുമാർ, ടെക്‌നിക്കൽ കൺസൾട്ടന്റ് അരുൺ വേണുഗോപാൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top