റാന്നി
പരിമിതികളെ അതിജീവിച്ച് മനുവിന്റെ സമ്മിശ്ര കൃഷിക്ക് 100 മേനി. രണ്ട് കാലുകളും തളർന്ന വെച്ചൂച്ചിറ അരീപറമ്പിൽ മനു തോമസ് തന്റെ ആറേക്കർ പുരയിടം സ്വപ്നഭൂമിയാക്കി. മനു പറയുന്നു; "രാത്രി സ്വപ്നം കാണില്ല. പകൽ സ്വപ്നം കാണും, അത് ഘട്ടം ഘട്ടമായി നടപ്പാക്കും'. അങ്ങനെയാണ് കാർഷിക രംഗത്ത് മികച്ച വിജയം നേടിയത്. കൃഷിയുടെ വരുമാനം കൊണ്ട് മാത്രമാണ് കുടുംബം ഉപജീവനം നടത്തുന്നത്.
പച്ചക്കറി കൃഷി കൂടാതെ തെങ്ങ്, ജാതി, കൊക്കോ, മാവ്, കാപ്പി, ഏലം എല്ലാമുണ്ട്. റബറിന് ഇടവിളയായാണ് കൊക്കോ നട്ടിരിക്കുന്നത്. കാപ്പിയും കവുങ്ങും ഏലവും മാറ്റി നട്ടിരിക്കുന്നു. ഇവിടെ തന്നെ കുരുമുളകും കൃഷി ചെയ്തിട്ടുണ്ട്. 600 മൂട് കുരുമുളകുണ്ട്. കോഴിയാണ് മറ്റൊരു പ്രധാന വരുമാന മാർഗം. ഇറച്ചിക്കായാണ് വളർത്തുന്നത്. കൂടാതെ പശുവും ഉണ്ട്. ഇവയുടെ കാഷ്ഠവും എല്ലുപൊടിയും കൃഷിക്ക് വളമാകുന്നു. രാസവളങ്ങൾ ഉപയോഗിക്കാറേ ഇല്ല.
ഏതെങ്കിലും ഒരു കാർഷികോല്പന്നത്തിന് വിലകുറഞ്ഞാലും ആ കുറവ് മറ്റൊന്നിലൂടെ നികത്താമെന്നതാണ് സമ്മിശ്ര കൃഷിയുടെ പ്രയോജനം. ഇന്ന് തന്റെ നേട്ടങ്ങളെല്ലാം ഉണ്ടായത് കൃഷിയിലൂടെയാണെന്ന് അഭിമാനത്തോടെ മനു പറയുന്നു.
മികച്ച കൃഷിപാഠം പാരമ്പര്യമായി ലഭിച്ചതാണ്. അച്‌ഛൻ രാജുവും അമ്മ അന്നമ്മയും പണ്ടുമുതലേ കർഷകരാണ്. കാർഷിക പ്രവൃത്തികളിൽ സഹായിക്കാൻ ഭാര്യ മിനിയും മനുവിനൊപ്പമുണ്ട്. മൂത്തമകൾ അനു നഴ്സിങ് പഠിക്കുന്നു. രണ്ടാമത്തെ മകൾ മേരി നിയ പ്ലസ്ടു വിദ്യാർഥിനിയാണ്. മകൻ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഏബലും വലിയ കൃഷിക്കാരനാണ്. കോഴി വളർത്തലിനും പശു വളർത്തലും മറ്റു കൃഷി പരിപാടികളിലും മാതാപിതാക്കളെ സഹായിക്കുകയാണ് ഏബലിന്റെ ജോലി.
ഒരു കൃഷി മാത്രം ചെയ്താൽ അത് മുതലാവില്ല എന്നാണ് കർഷകരോടുള്ള മനുവിന്റെ ഉപദേശം. ഒരേ സ്ഥലത്ത് പലതരത്തിലുള്ള കൃഷി ചെയ്താൽ ഒന്നിന് അല്ലെങ്കിൽ മറ്റൊന്നിൽ ലാഭം ഉണ്ടാകും. അതുപോലെ വർഷത്തിൽ എല്ലാ സമയവും വരുമാനവും ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..